തിരുവനന്തപുരം: നേമം വെള്ളായണി ക്ഷേത്ര ഉത്സവത്തിന്‍റെ ഭാഗമായി പൊലീസ് താത്‌കാലികമായി നിര്‍മിച്ച എയ്ഡ് പോസ്‌റ്റ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വെള്ളായണി ക്ഷേത്രോത്സവത്തിന്‍റെ ഒന്നാം ദിവസമായിരുന്ന ഇന്നലെ രാത്രി എട്ട് മണിയോടുകൂടിയാണ് സംഭവം. സംഭവത്തില്‍ 17 പേര്‍ക്കെതിരെ കേസ് എടുത്തതായി നേമം പൊലീസ് അറിയിച്ചു.
അങ്ങനെ വിശ്രമിക്കേണ്ട: സംഘര്‍ഷ സാധ്യതയുളളതിനാല്‍ കമ്മിറ്റി ഓഫിസിനു സമീപം നേമം പൊലീസ് പ്രത്യേക വിശ്രമകേന്ദ്രം നിര്‍മിക്കുകയായിരുന്നു. താത്‌കാലികമായി ടെന്‍റ് കെട്ടി പൂര്‍ത്തിയാക്കിയതോടുകൂടിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ടെന്‍റ് പൊളിച്ചു നീക്കണമെന്ന ആവശ്യവുമായെത്തിയത്. പൊലീസിനു വേണ്ടി പ്രത്യേക വിശ്രമകേന്ദ്രം കെട്ടാന്‍ സാധിക്കുകയില്ലെന്നും ഉടന്‍ പൊളിച്ചു മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൊലീസ് കെട്ടിയ ടെന്‍റ് പൊളിച്ച് നീക്കുന്നത് ശരിയായ നടപടിയല്ലെന്നും ഇതില്‍ നിന്നും പിന്തിരിയണമെന്നും നേമം സി.ഐ രഗീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടെങ്കിലും അവര്‍ ഇതിന് വഴങ്ങിയില്ല. ഇതിനിടെ പൊലീസിനുനേരെ ആക്രോശവുമായെത്തിയ ആര്‍എസ്എസുകാര്‍ വിശ്രമകേന്ദ്രം പൂര്‍ണമായും പൊളിച്ചു നീക്കുകയായിരുന്നു.
എല്ലാം 'മുന്നില്‍ക്കണ്ട്': പ്രകോപനപരമായ യാതൊരു നടപടിയും പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിലും താത്‌കാലിക വിശ്രമകേന്ദ്രം പൊളിച്ചു നീക്കുന്നതുവരെ പൊലീസ് സംയമനം പാലിക്കുകയായിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഫോര്‍ട്ട് എ.സി.എസ് ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിരുന്നു. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങുന്നതിന് ഏതാണ്ട് ഒരാഴ്‌ച മുമ്പും ഇവിടെ സംഘര്‍ഷ സാധ്യതയുണ്ടായിരുന്നു.
'കൊടി'യേറ്റ് മുതല്‍ പ്രശ്‌നം: ക്ഷേത്ര പരിസരത്ത് കാവിക്കൊടി കെട്ടിയതുമായി ബന്ധപ്പെട്ടാണ് അന്ന് പ്രശ്‌നം ഉടലെടുത്തത്. കൊടി കെട്ടാന്‍ പാടില്ല എന്ന കലക്‌ടറുടെ ഉത്തരവ് നിലനില്‍ക്കെ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കാവിക്കൊടി കെട്ടിയതിനെ ഭക്തര്‍ ചോദ്യം ചെയ്‌തിരുന്നു. അന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാവിക്കൊടികള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെയും ഇത് നീക്കം ചെയ്‌തിട്ടില്ല. ഇതിനെതിരെ കോടതി ഉത്തരവിന് ശേഷം നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.