ബെംഗളൂരു: ഹിന്ദു വിദ്യാര്‍ഥിനിയുമായി സൗഹൃദം സ്ഥാപിച്ചതിന് മുസ്‌ലിം വിദ്യാര്‍ഥിയായ മുഹമ്മദ് സാനിഫിനെ മര്‍ദിച്ച സംഭവത്തില്‍ ഒമ്പത് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ദക്ഷിണ കന്നഡയിലെ സുള്ള്യയിലാണ് സംഭവം. സുള്ള്യയിലെ ഫസ്റ്റ് ഗ്രേഡ് കോളജിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 30നാണ് മുഹമ്മദ് സാനിഫിന് മര്‍ദനമേറ്റത്. കോളജില്‍ ഹിന്ദു പെണ്‍കുട്ടിയുമായി സാനിഫ് സംസാരിക്കുന്നത് കണ്ടതോടെ സംഘം സാനിഫിനെ കോളജ് മൈതാനത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് എന്തിനാണ് ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതെന്ന് ചോദിച്ച് ആക്രമിക്കുകയും ചെയ്‌തു. മരത്തടി കൊണ്ട് സംഘം സാനിഫിനെ അടിക്കുകയും വസ്‌ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്‌തു.
ഇനിയും പെണ്‍കുട്ടിയുമായി സംസാരിച്ചാല്‍ വെറുതെ വിടില്ലെന്നും ഭീഷണിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് വിവരമറിയിക്കുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാനിഫ് സുള്ള്യ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. വിഷയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.