എറണാകുളം: സിനിമ നിർമാതാവ് മാർട്ടിൻ സെബാസ്റ്റ്യൻ ബലാത്സംഗ കേസിൽ അറസ്റ്റിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലിസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376(2), 420, 323, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
2000 ഒക്ടോബർ മുതൽ ഉള്ള കാലയളവിൽ വയനാട്, മുംബൈ, തൃശൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി. സിനിമയിൽ അവസരവും വിവാഹ വാഗ്‌ദാനവും നൽകിയാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പരാതിക്കാരി ആരോപിക്കുന്നു. 78,60,000 രൂപയും 80 പവൻ സ്വർണവും തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. പരാതി നൽകിയാൽ രാഷ്ട്രീയ സ്വാധീനമുള്ള താൻ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുമെന്ന് മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിച്ചു.
കഴിഞ്ഞ ഡിസംബർ രണ്ടിനാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന്
മാർട്ടിൻ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം എന്ന കോടതി നിർദേശത്തെ തുടർന്നാണ് സെൻട്രൽ സ്റ്റേഷനിൽ എത്തിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തെളിവെടുപ്പിനായി വിവിധ കേന്ദ്രങ്ങളിലെത്തിക്കും. 1986-92 കാലഘട്ടത്തിൽ ആട് തേക്ക് മാഞ്ചിയം തട്ടിപ്പ് കേസിൽ പ്രതിയായിരുന്നു മാർട്ടിൻ സെബാസ്റ്റ്യൻ. പിന്നീട് സി.എസ് മാർട്ടിൻ എന്ന പേരിൽ സിനിമ നിർമാണ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.