മംഗളൂരു: ലഹരി ഉപയോഗിക്കുകയും വില്‍പന നടത്തിവരികയും ചെയ്‌ത കേസില്‍ മലയാളി ഡോക്‌ടര്‍മാര്‍ ഉള്‍പ്പടെ പത്ത് പേരെ മംഗളൂരു പൊലീസ് അറസ്‌റ്റ് ചെയ്‌തു. മംഗളൂരു കെഎംസി ഹോസ്‌പിറ്റല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.ഷമീര്‍ (32), ഈ ആശുപത്രിയിലെ തന്നെ എംബിബിഎസ് വിദ്യാര്‍ഥിനി ഡോ.നാദിയ സിറാജ് (24) എന്നീ മലയാളി ഡോക്‌ടര്‍മാര്‍ ഉള്‍പ്പടെയുള്ള പത്ത് പേരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പിടികൂടിയവരില്‍ രണ്ടുപേര്‍ ഡോക്‌ടര്‍മാരും മറ്റുള്ളവര്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുമാണ്.
യുകെയില്‍ നിന്നെത്തി മംഗളൂരുവില്‍ താമസമാക്കിയ വിദേശ വിദ്യാര്‍ഥി നീല്‍ കിഷോരിലാൽ റാംജി ഷാ (38), കെഎംസി മണിപാല്‍ ഹോസ്‌പിറ്റലിലെ മെഡിക്കല്‍ സര്‍ജനും തമിഴ്‌നാട് സ്വദേശിയുമായ ഡോ.മണിമാരന്‍ മുത്തു, കെഎംസി മംഗളൂരു ഹോസ്‌പിറ്റലിലെ എംബിബിഎസ് വിദ്യാര്‍ഥികളായ ആന്ധ്രാപ്രദേശ് സ്വദേശിനി ഡോ. വർഷിണി പ്രതി (26), പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിനിയും നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിനിയുമായ ഡോ. റിയ ചദ്ദ (22), ഡൽഹി സ്വദേശിനിയും മൂന്നാം വർഷ എംഎസ് ഓർത്തോ വിദ്യാർഥിനിയുമായ ഡോ. ക്ഷിതിജ് ഗുപ്‌ത (25), പൂനെ സ്വദേശിനിയും എംബിബിഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ഡോ. ഇറ ബാസിൻ (23), ചണ്ഡീഗഡ് സ്വദേശിനിയും മംഗളൂരു യെനെപോയ ഹോസ്‌പിറ്റലിലെ മൂന്നാം വർഷ എംഡി സൈക്യാട്രി വിദ്യാർഥിനിയുമായ ഡോ. ഭാനു ദാഹിയ (27), ബണ്ട്വാല താലൂക്കിലെ മുഹമ്മദ് റൗഫ് യാനെ ഗൗസ് (34) എന്നിവരാണ് അറസ്‌റ്റിലായത്.
പിടിവീണ വഴി: ജനുവരി ഏഴിന് നീല്‍ കിഷോരിലാൽ റാംജി ഷാ എന്ന യുകെ വിദ്യാർഥി താമസിച്ചിരുന്ന ഫ്ലാറ്റിൽ റെയ്‌ഡ് നടന്നിരുന്നതായും ഇയാളിലൂടെയാണ് മറ്റുള്ളവരിലേക്ക് എത്തിച്ചേര്‍ന്നതെന്നും മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ശശികുമാർ പറഞ്ഞു. ഇയാളിൽ നിന്ന് രണ്ട് കിലോ മരിജ്വാന (ലഹരിമരുന്ന്), കളിത്തോക്ക്, രണ്ട് മൊബൈൽ ഫോണുകൾ, ഒരു ഡിജിറ്റൽ വെയ്റ്റ് മിഷീന്‍ എന്നിവ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് ഡോക്‌ടർമാരും മെഡിക്കൽ വിദ്യാർഥികളും കഞ്ചാവ് ഉപയോഗിക്കുന്നതും വിൽപന നടത്തുന്നതും സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതെന്നും അറസ്‌റ്റിലേക്ക് നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികള്‍ക്കെല്ലാം മയക്കുമരുന്ന് എത്തിച്ചുനല്‍കിയിരുന്ന നീല്‍ കിഷോരിലാലിനെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും രണ്ട് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയിൽ വാങ്ങിയെന്നും പൊലീസ് കമ്മിഷണർ ശശികുമാർ പറഞ്ഞു. ഇയാള്‍ മംഗളൂരുവിലെ വിവിധ അപ്പാർട്ട്‌മെന്‍റുകളിലായി താമസിച്ച് വന്നിരുന്നു. അതുകൊണ്ടുതന്നെ അപ്പാർട്ട്‌മെന്‍റുകളും പി.ജികളും വാടകയ്ക്ക് നൽകുന്ന ഉടമകൾ വീട്ടില്‍ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.