തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് നിര്‍ത്തി കണ്ടക്‌ടറെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചെങ്കോട്ടുകോണം സ്വദേശി ദീപുവാണ് അറസ്റ്റിലായത്. പോത്തൻകോട് പ്ലാമൂട് സ്വദേശി സുനിൽ കുമാറിനാണ് മര്‍ദനമേറ്റത്.
ഞായറാഴ്‌ച രാത്രി 9.45 ന് പോത്തൻകോട് നിന്നും വികാസ് ഭവനിലേക്ക് പോയ ബസിലാണ് സംഭവം. മദ്യപിച്ച് ബസില്‍ കയറിയ ദീപു ബസിന്‍റെ ഡോര്‍ അടക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് കണ്ടക്‌ടര്‍ സുനില്‍ കുമാര്‍ ഇയാളെ ബസില്‍ നിന്ന് ഇറക്കി വിട്ടു. ഇതേ തുടര്‍ന്ന് കൂട്ടുക്കാരനായ ചേങ്കോട്ടുകോണം സ്വദേശി അനന്ദുവിനൊപ്പം ബൈക്കില്‍ ബസിനെ പിന്‍തുടര്‍ന്ന ഇയാള്‍ ചെമ്പഴന്തി ഉദയഗിരിയിൽ വച്ച് ബസ് തടഞ്ഞു നിർത്തി കണ്ടക്‌ടറെ മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തില്‍ സുനിലിന്‍റെ മൂക്കിലും നെറ്റിയിലും പരിക്കേറ്റു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ ശ്രീകാര്യം ഇൻസ്പെക്ടർ തൻസീം അബ്ദുസമദിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. 2010 ല്‍ കാട്ടായികോണത്ത് നടന്ന കൊലക്കേസിലെ പ്രതിയാണ് ദീപു. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതി ദീപുവിനെ റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ അനന്ദുവിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.