മഹബുബബാദ് (തെലങ്കാന): തെലങ്കാനയിലെ വെമുനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി (17) സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തി. 46 വയസുകാരനായ വെങ്കണ്ണയാണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇദ്ദേഹത്തിന്‍റെ ഭാര്യ 10 മാസം മുൻപ് ആത്മഹത്യ ചെയ്‌തിരുന്നു. പിന്നീട് മകളെ ഇയാൾ തനിച്ചായിരുന്നു നോക്കിയിരുന്നത്.
പെൺകുട്ടിയുടെ പ്രണയബന്ധത്തെയും സ്വത്തവകാശത്തെയും ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി ഒരു യുവാവുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും പിതാവിനോട് പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്ത പിതാവ് വിവാഹത്തിന് വിസമ്മതിച്ചത് വഴക്കിൽ കലാശിച്ചു.
മദ്യപാനിയായിരുന്ന വെങ്കണ്ണ സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ മകളുമായി ഇടയ്ക്കിടെ വഴക്കുണ്ടാക്കുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച്ച (28.04.2022) ഉണ്ടായ തർക്കത്തിനിടെ പെൺകുട്ടി പിതാവിനെ വടികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് പിതാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. പൊലീസ് സംഭവസ്ഥലത്തെത്തി പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു.
Also read: മക്കളെ മര്‍ദിച്ചയാളെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു