ഇടുക്കി : തേനിയിലെ കൈലാസപട്ടിയില്‍ ഫെന്‍സിങ്ങില്‍ നിന്ന് ഷോക്കേറ്റ് പുലി ചത്ത സംഭവത്തില്‍ സ്ഥലം ഉടമയും തേനി എംപിയുമായ ഒപി രവീന്ദ്രനാഥിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭ സ്‌പീക്കര്‍ക്ക് കത്തയച്ച് വനം വകുപ്പ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കൈലാസപട്ടിയിലെ രവീന്ദ്രനാഥിന്‍റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ സ്ഥാപിച്ച ഫെന്‍സിങ്ങില്‍ നിന്ന് ഷോക്കേറ്റ് പുലി ചത്തത്.
ഇതിന് പിന്നാലെ വിഷയത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിഎംകെയുടെ തേനി ജില്ല സെക്രട്ടറി തങ്ക തമിഴ് സെൽവനും പെരിയകുളം എംഎൽഎ ശരവണകുമാറും ചേര്‍ന്ന് വനം വകുപ്പ് ഓഫിസര്‍ സമൃതയ്ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മേഖലയില്‍ ആട് ഫാം നടത്തുന്നയാളെയും ഒപി രവീന്ദ്രന്‍റെ രണ്ട് മാനേജര്‍മാരെയും അറസ്റ്റ് ചെയ്‌തു.
വിഷയത്തില്‍ സ്ഥലം ഉടമയ്‌ക്കെതിരെയും അന്വേഷണം വേണമെന്ന് ഡിഎംകെ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ലമെന്‍റ് അംഗത്തെ കുറിച്ച് അന്വേഷിക്കാന്‍ ലോക്‌സഭ സ്‌പീക്കറുടെ അനുമതി ആവശ്യമാണെന്ന് അറിയിച്ച ഓഫിസര്‍ സ്‌പീക്കര്‍ക്ക് കത്തയയ്ക്കുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് ഫെന്‍സിങ്ങില്‍ പുലി കുരുങ്ങുന്നത്. ഇതിന് മുമ്പ് ഫെന്‍സിങ്ങില്‍ നിന്ന് ഷോക്കേറ്റ പുലിയെ വനം വകുപ്പ് എത്തി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച് പുലി രക്ഷപ്പെട്ടിരുന്നു. രണ്ടാം തവണയും പുലിക്ക് ഫെന്‍സിങില്‍ നിന്ന് ഷോക്കേറ്റതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് വനം വകുപ്പ് ഓഫിസര്‍ സ്‌പീക്കര്‍ക്ക് കത്തയച്ചത്.