ഇടുക്കി: കട്ടപ്പന നിർമ്മല സിറ്റിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. നിർമ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്‌തു. കൗന്തി സ്വദേശി ഹരികുമാർ, വാഴവര സ്വദേശി ജോബി എന്നിവർ ആണ് പിടിയിലായത്.
വാഹനം അറ്റകുറ്റപ്പണി ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജുവിന്‍റെ മകൻ രാഹുൽ, ഹരികുമാറിന്‍റെ ബൈക്ക് ഒരു യാത്രക്കായി എടുത്തിരുന്നു. യാത്രക്കിടെ വാഹനത്തിന് കേടുപാട് പറ്റി.
ഇത് അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാമെന്ന് രാഹുലും അച്ഛൻ രാജുവും സമ്മതിച്ചിരുന്നു. എന്നാൽ ഇത് വൈകിയതോടെയാണ് ഹരികുമാറും ജോബിയും ഇവരുടെ വീട്ടിലെത്തിയത്. വാക്ക് തർക്കത്തിനിടെയാണ് രാജുവിന് പരിക്കേറ്റത്.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തർക്കത്തിനിടെ ഹരികുമാറിനും പരിക്കേറ്റു. പൊലീസ് പിടികൂടിയ ഹരികുമാറിനെ പിന്നീട് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ജോബി പൊലീസ് സ്റ്റേഷനിലാണ്.