ന്യൂഡല്‍ഹി : തലസ്ഥാന നഗരിയെ നടുക്കിയ കാഞ്ജവാല വാഹനാപകടം നടന്ന് ഒരുമാസത്തിലേറെയാകുമ്പോള്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട്. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട അഞ്ജലി മദ്യപിച്ചിരുന്നു എന്നാണ് ഡല്‍ഹി പൊലീസിന് ലഭിച്ച എഫ്എസ്‌എല്‍ റിപ്പോര്‍ട്ടിലുള്ളത്. കാഞ്ജവാലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് കാര്‍ കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലാണ് ഫോറന്‍സിക് വിഭാഗത്തിന്‍റെ വെളിപ്പെടുത്തല്‍.
പുതുവര്‍ഷപ്പുലരിയിലുണ്ടായ അപകടത്തില്‍ കാറിന്‍റെ ചക്രത്തില്‍ പെണ്‍കുട്ടിയുടെ വസ്‌ത്രം കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴക്കപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധ നഗ്‌നമായ നിലയിലായിരുന്നു കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ബലാത്സംഗ കൊലപാതകമാണെന്നായിരുന്നു പൊലീസിന്‍റെ ആദ്യ സംശയം. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അപകടമരണമാണെന്ന് കണ്ടെത്തുന്നത്.
തുടര്‍ന്ന് വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാറില്‍ ഉണ്ടായിരുന്നത് ദീപക് ഖന്ന, അമിത് ഖന്ന, കൃഷൻ, മിത്തു, മനോജ് മിത്തൽ എന്നിവരാണെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് ഈ അഞ്ചുപേരെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് അഞ്ജലിയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പ്രതികൾക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മാത്രമല്ല സംഭവത്തില്‍ സ്‌ത്രീകളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഡൽഹി വനിത കമ്മിഷനും പൊലീസിനെതിരെ ആഞ്ഞടിച്ചിരുന്നു. കൂടാതെ അപകടത്തെ തുടര്‍ന്ന് അഞ്ജലിയുടെ കുടുംബത്തിന് ഡൽഹി സർക്കാര്‍ 10 ലക്ഷം രൂപയുടെ ചെക്കും കൈമാറിയിരുന്നു.
അതേസമയം അഞ്ജലിയുടെ ആന്തരാവയവ റിപ്പോർട്ടിലും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മദ്യപിച്ചതായുള്ള കണ്ടെത്തലുകള്‍ ഉയര്‍ന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇത് അടിവരയിടുന്ന പരിശോധനാഫലം പുറത്തുവന്നിരിക്കുന്നത്.