ചെന്നൈ: ചെന്നൈയിലെ സ്വര്‍ണ വില്‍പനശാലയില്‍ നിന്നും 20 ലക്ഷം രൂപയുടെ രത്നങ്ങളും ഒമ്പത് കിലോ സ്വര്‍ണവും മോഷണം പോയി. ഇന്നലെ രാത്രിയില്‍ നടന്ന മോഷണം ഇന്ന് കാലത്ത് കട തുറക്കാനെത്തിയപ്പോഴാണ് ഉടമയറിയുന്നത്. അതേസമയം മോഷണത്തില്‍ ഉടമ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. മാത്രമല്ല കവര്‍ച്ചക്കാരെ കണ്ടെത്താന്‍ ഒമ്പത് ടീമുകളെയാണ് പൊലീസ് വിന്യസിച്ചിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ചെന്നൈയിലെ പെരമ്പൂര്‍ പേപ്പര്‍ മില്‍സ് റോഡില്‍ താമസിക്കുന്ന ശ്രീധറിന്‍റെ സ്വര്‍ണ വില്‍പനശാലയിലാണ് മോഷണം നടന്നിരിക്കുന്നത്. കെട്ടിടത്തിന്‍റെ താഴത്തെ നിലയിലായി എട്ടുവര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന 'ജെഎല്‍ ഗോള്‍ഡ് പാലസ്' എന്ന പേരിലുള്ള സ്വര്‍ണക്കടയിലാണ് മോഷണം നടന്നത്. മാത്രമല്ല ഇതേ കെട്ടിടത്തിന്‍റെ മുകളിലായാണ് ശ്രീധറും കുടുംബവും താമസിച്ചിരുന്നതും.
'സിസിടിവി'യും മോഷ്‌ടിച്ചു: മോഷണം നടന്ന ഇന്നലെയും പതിവുപോലെ രാത്രിയില്‍ കട അടച്ച് ശ്രീധര്‍ കെട്ടിടത്തിന് മുകളിലായുള്ള തന്‍റെ വീട്ടിലേക്ക് മടങ്ങി. ഇന്ന് രാവിലെ കട തുറക്കാനായെത്തിയപ്പോള്‍ കടയുടെ ഷട്ടര്‍ തകര്‍ത്തതായി കണ്ടു. വെല്‍ഡിങ് മെഷീന്‍ ഉപയോഗിച്ചാണ് ഷട്ടര്‍ തകര്‍ത്തിരിക്കുന്നതെന്നും ഇവര്‍ക്ക് മനസിലായി. തുടര്‍ന്ന് അകത്തുകടന്ന് പരിശോധിച്ചപ്പോഴാണ് 20 ലക്ഷം രൂപ വിലവരുന്ന രത്നങ്ങളും ഒമ്പത് കിലോ സ്വര്‍ണവും കവര്‍ന്നതായി മനസിലാക്കുന്നത്.
അതേസമയം കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക്കും മോഷ്‌ടാക്കള്‍ കവര്‍ന്നതാണ് പൊലീസിനെ കുഴക്കുന്നത്. മോഷണം നടന്നതായി ശ്രദ്ധയില്‍പെട്ടതോടെ ഉടമ ശ്രീധര്‍ പരാതിപ്പെട്ടുവെന്നും ഇദ്ദേഹത്തിന്‍റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.