തൃശൂര്‍: അഞ്ഞൂറ് കോടി രൂപ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ രണ്ടുപേര്‍ പിടിയില്‍. ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ വടക്കാഞ്ചേരി പുന്നംപറമ്പ് സ്വദേശി രാജേഷ് മലാക്കയും കൂട്ടാളി ഷിജോ പോളുമാണ് പിടിയിലായത്. കോയമ്പത്തൂരിലെ ഒളിസങ്കേതത്തില്‍ നിന്നാണ് തൃശൂര്‍ ടൗണ്‍ ഈസ്‌റ്റ്, വെസ്‌റ്റ് പൊലീസ് സംയുക്തമായി ഇരുവരേയും പിടികൂടിയത്.
പത്ത് മാസം കൊണ്ട് നിക്ഷേപത്തുക ഇരട്ടിയാക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മൈ ക്ലബ് ട്രേഡേഴ്‌സ്, ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് തുടങ്ങിയ കമ്പനികളുടെ മറവില്‍ ഇത്തരത്തില്‍ അഞ്ഞൂറ് കോടിയിലേറെ രൂപ നിക്ഷേപമായി സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. ക്രിപ്റ്റോ കറന്‍സി വിനിമയം, സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍ ട്രേഡിങ് എന്നിവയില്‍ നിക്ഷേപിക്കാനെന്ന് പറഞ്ഞായിരുന്നു പ്രതികള്‍ കോടികള്‍ സമാഹരിച്ചത്.
ഡോളറിലായിരുന്നു ഇവര്‍ തുകകള്‍ സ്വീകരിച്ചിരുന്നത്. പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെ പ്രതികള്‍ നാട് വിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരില്‍ നിന്ന് ഇരുവരും പൊലീസ് വലയിലാകുന്നത്.
ഇതില്‍ രാജേഷ് മാത്രം അമ്പത് കോടി രൂപയോളം സമാഹരിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികള്‍ അറസ്‌റ്റിലായതോടെ കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസ് കരുതുന്നത്.