തൃശൂർ : പൂങ്കുന്നത്ത് പൂട്ടികിടന്ന വീട് കുത്തിപ്പൊളിച്ച് 38.5 പവൻ കവർന്ന കേസിലെ പ്രതികൾ വെസ്റ്റ് പൊലീസിന്‍റെ പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഷൈക്ക് മക്‌ബുൾ (31), മുഹമ്മദ് കൗഷാർ (45) എന്നിവരാണ് പിടിയിലായത്. പൂങ്കുന്നത്ത് രണ്ട് ദിവസമായി അടഞ്ഞ് കിടന്നിരുന്ന വീടിന്‍റെ 5 അടിയോളം വലിപ്പമുള്ള ജനൽ മൊത്തമായി ഇളക്കിമാറ്റിയാണ് ഇവർ മോഷണം നടത്തിയത്.
സംഭവത്തിൽ പരാതി ലഭിച്ചതനുസരിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. തുടർന്ന്, തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ ഐപിഎസിന്‍റെയും അസിസ്റ്റന്‍റ് കമ്മീഷണർ വി കെ രാജുവിന്‍റെയും നേതൃത്വത്തിൽ രൂപീകരിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
ചെന്നൈ എംജിആർ റെയിൽവേസ്റ്റേഷൻ വളഞ്ഞ് സാഹസികമായാണ് ഇവരെ പിടികൂടിയത്. വെസ്റ്റ് എസ്ഐ കെ.സി ബൈജു, സിപിഒമാരായ അഖിൽ, വിഷ്‌ണു, അഭീഷ് ആന്‍റണി, വിബിൻ സി.എ, അനിൽകുമാർ പി.സി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.