കോഴിക്കോട്: രാജസ്ഥാനിൽ നിന്നും അനധികൃതമായി പെൺകുട്ടികളെ കേരളത്തിലേക്ക് എത്തിച്ച് മതപരിവർത്തനം. ഹിന്ദുമതത്തിലെ പിന്നോക്ക വിഭാഗത്തിൽ പെട്ട 12 പെൺകുട്ടികളെയാണ് കേരളത്തില്‍ എത്തിച്ച് ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്‌തത്. ഇതില്‍ എല്ലാവരും തന്നെ പ്രായപൂർത്തിയാകാത്ത കുട്ടികളാണ്.
കൗൺസിലിങ് നടത്തിയാണ് കുട്ടിക്കടത്ത് സംഘം പെൺകുട്ടികളെ രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയത്. വണ്ടി കയറുന്നതിന് മുമ്പ് ഇവര്‍ക്ക് വിദ്യാഭ്യാസം, ഭക്ഷണം, താമസ സൗകര്യം, സംരക്ഷണം എന്നിവ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആദ്യം നടന്നത് മതം മാറ്റമാണ്. ക്രിസ്‌തുമത വിപുലീകരണത്തിനപ്പുറം കണക്കില്ലാത്ത വിദേശ ഫണ്ടുകളും, കേന്ദ്ര സംസ്ഥാന ഫണ്ടുകളും സ്വന്തമാക്കുക എന്നതാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യം.
അതേസമയം മതപരിവർത്തനത്തിന് രേഖാമൂലം തെളിവുണ്ടായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മതിയായ രേഖകൾ ഇല്ലാതെ ട്രെയിനിൽ കൊണ്ടു വന്ന കുട്ടികളെ ആർ.പി.എഫ് (റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ്) ആണ് പിടികൂടിയത്. കഴിഞ്ഞ ജൂലായ് 26നാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് സംഘം പിടിയിലായത്. സംഭവത്തിൽ പെരുമ്പാവൂർ പുല്ലുവഴിയിലെ കരുണാഭവൻ ഡയറക്‌ടർ ജേക്കബ് വർഗീസ്, ഇടനിലക്കാരും രാജസ്ഥാൻ സ്വദേശികളുമായ ലോകേഷ് കുമാർ, ശ്യാംലാൽ എന്നിവർ റിമാന്‍റിലാണ്.
അനധികൃതമായി പ്രവർത്തിക്കുന്ന കരുണാഭവന്‍റെ പ്രവർത്തനങ്ങളെല്ലാം നിഗൂഢമാണെന്ന് ആണ് പൊലീസ് അറിയിക്കുന്നത്. എന്നാൽ ശിശുക്ഷേമ വകുപ്പിന്‍റെ ശക്തമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ നിജസ്ഥിതി പുറത്ത് വരികയുള്ളൂ. ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തിയ 12 പെൺകുട്ടികളും നിലവില്‍ വെളളിമാടുകുന്ന് ബാലമന്ദിരത്തിൽ കഴിയുകയാണ്.
ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം, ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ കർശന മാർഗ നിർദേശങ്ങൾ പാലിച്ചു മാത്രമേ പ്രായപൂർത്തിയാകാത്ത കുട്ടികളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാവൂ എന്നാണ് നിയമം നിലനിൽക്കെയാണ് കുട്ടിക്കടത്ത് തുടരുന്നത്.