ഹൈദരാബാദ് : അമ്പലക്കുളത്തില്‍ മുങ്ങിമരിച്ച കുട്ടിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് നഗരസഭയുടെ മാലിന്യം നീക്കുന്ന വണ്ടിയില്‍. തെലങ്കാനയിലെ യാദാദ്രി ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. കുടുംബാംഗങ്ങൾക്കൊപ്പം യാദാദ്രി ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ പ്രാര്‍ഥിക്കാനെത്തിയ 15കാരി ബോണ്ടാല റോജയുടെ മൃതദേഹത്തോടാണ് ക്ഷേത്ര ഭാരവാഹികളില്‍ നിന്ന് അവഹേളന നടപടിയുണ്ടായത്.
പുണ്യസ്‌നാനത്തിനായി പുഷ്‌കരിണിയിൽ ഇറങ്ങുന്നതിനിടയിലാണ് റോജ മുങ്ങി മരിച്ചത്. മകളുടെ മൃതദേഹത്തിനരികിലിരുന്ന് കരയുന്ന റോജയുടെ അമ്മയെ കണ്ട് പ്രാര്‍ഥിക്കാനെത്തിയവരില്‍ ചിലര്‍ 108 ആംബുലൻസിൽ വിവരമറിയിച്ചു. ആംബുലന്‍സ് ജീവനക്കാരെത്തി കുട്ടിയുടെ മരണം സ്ഥീകരിക്കുകയും ചെയ്‌തു. ഹൈദരാബാദിലെ ഗുഡി മൽകാപൂരിൽ നിന്നെത്തിയ കുടുംബത്തിന് കുട്ടിയുടെ മൃതദേഹം ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കാനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല.
ഇതോടെ രണ്ടര മണിക്കൂറോളം കുട്ടിയുടെ മൃതദേഹവുമായി കുടുംബം ക്ഷേത്ര പരിസരത്തുതന്നെ നിന്നു. ക്ഷേത്ര കമ്മിറ്റിക്കാര്‍ സംഭവത്തില്‍ നടപടിയൊന്നും സ്വീകരിച്ചില്ല. പൊലീസ് വിവരങ്ങൾ ശേഖരിച്ചെങ്കിലും മൃതദേഹം മാറ്റാനുള്ള നടപടിയൊന്നും കൈക്കൊണ്ടില്ല. ഒടുവില്‍ ക്ഷേത്ര ഭാരവാഹികള്‍ മുനിസിപ്പാലിറ്റിയുടെ മാലിന്യ വണ്ടിയില്‍ കയറ്റി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. മൃതദേഹത്തെ അവഹേളിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.