ചെന്നൈ : ബാങ്കോക്കിൽ നിന്ന് സെപ്‌റ്റംബർ രണ്ടിന് ചെന്നൈയിൽ എത്തിയ യാത്രക്കാരനിൽ നിന്ന് അഞ്ച് പെരുമ്പാമ്പുകളെ (Ball Pythons) പിടികൂടി. എയർ ഇന്‍റലിജൻസ് ഉദ്യോഗസ്ഥരാണ് പാമ്പുകളെ പിടികൂടിയത്. അനധികൃതമായി ഇഴജന്തുക്കളെ കടത്തിയതിന് ഇയാളെ അറസ്‌റ്റ് ചെയ്‌യതായി കസ്‌റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ കെ ആർ ഉദയ് ഭാസ്‌കർ അറിയിച്ചു.
ദിണ്ടിഗൽ സ്വദേശിയായ ഇയാളെക്കുറിച്ച് രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ചയാണ് കസ്‌റ്റംസ് ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ ചെക്ക്-ഇൻ ലഗേജ് പരിശോധിച്ചതിൽ ഉദ്യോഗസ്ഥർ പാമ്പുകളെ കണ്ടെത്തുകയായിരുന്നു. 1962ലെ കസ്‌റ്റംസ് ആക്‌ട് പ്രകാരമാണ് നടപടി.
തുടർന്ന് സെപ്‌റ്റംബർ മൂന്നിന് പെരുമ്പാമ്പുകളെ തായ്‌ലൻഡിലേക്ക് തന്നെ തിരിച്ചയച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Ball Pythons : പടിഞ്ഞാറൻ, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന പെരുമ്പാമ്പ് വിഭാഗത്തിലെ ഒന്നാണ് ബോൾ പൈത്തൺ അല്ലെങ്കിൽ റോയൽ പൈത്തൺ. ആഫ്രിക്കൻ പെരുമ്പാമ്പുകളിൽ ഏറ്റവും ചെറുതാണിവ. പരമാവധി 182 സെന്‍റീമീറ്റർ മാത്രമാണ് ഇവയുടെ നീളം. വിഷമില്ലാത്ത ഇത്തരം പെരുമ്പാമ്പുകളെ പൊതുവെ ആളുകൾ വളർത്താനായും തിരഞ്ഞെടുക്കാറുണ്ട്.
പന്തുപോലെ ചുരുണ്ടുകിടക്കുന്നതുകൊണ്ടാണ് ഇവയെ ബോൾ പൈത്തൺ എന്ന് വിളിക്കുന്നത്. 50 മുതൽ 100 ഡോളർ വരെയാണ് സാധാരണയായി ഇവയ്‌ക്ക് വിപണിയിലെ വില.