പാലക്കാട്: പ്രമേഹ രോഗിയായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്‌തു. പാലക്കാട് നെന്മാറ വിത്തനശ്ശേരിയിലാണ് ദാരുണ സംഭവം. വിത്തനശ്ശേരി സ്വദേശി ബാലകൃഷ്‌ണനാണ് മകൻ മുകുന്ദനെ കഴുത്തറുത്ത് കൊന്നതിനുശേഷം തൂങ്ങി മരിച്ചത്.
അച്ഛനും, മകനും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ബാലകൃഷ്‌ണന്‍റെ ഭാര്യ വർഷങ്ങൾക്ക് മുൻപ് മരിച്ചു. ബാലകൃഷ്‌ണന്‍റെ മറ്റൊരു മകനും മരുമകളും വീടിന് അടുത്താണ് താമസം. മരുമകൾ രാവിലെ ചായ നൽകാൻ വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
മുകുന്ദൻ കടുത്ത പ്രമേഹ ബാധിതനായിരുന്നു. കാലിലെല്ലാം വ്രണങ്ങളുണ്ടായതിനെ തുടർന്ന് ഇന്നലെ (ഒക്‌ടോബർ 20) നെന്മാറ ആശുപത്രിയിൽ ചികിത്സക്കായി മകനെ ബാലകൃഷ്‌ണൻ കൊണ്ടുപോയിരുന്നു. കാല് മുറിച്ച് മാറ്റണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചതായും ഇതിന്‍റെ മനോവിഷമത്തിലായിരിക്കാം അച്ഛൻ മകനെ കൊലപ്പെടുത്തിയതെന്നും പ്രദേശവാസികൾ പറയുന്നു.
നെന്മാറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.