റാഞ്ചി (ജാര്‍ഖണ്ഡ്): ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ ഒന്നര വയസുള്ള മകളെ ഡാമിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി ഭര്‍ത്താവ്. റാഞ്ചി ജഗന്നാഥ്‌പുര്‍ പൊലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന അമിത് കുമാര്‍ എന്നയാളാണ് ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ തന്‍റെ ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെ ധുര്‍വ ഡാമിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. അതേസമയം പൊലീസിന്‍റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സംയുക്തമായ തെരച്ചിലിനൊടുവില്‍ കുഞ്ഞിന്‍റെ മൃതശരീരം കണ്ടെടുത്തു.
പൊലീസ് സീനിയര്‍ സൂപ്രണ്ട് കോശല്‍ കിഷോറിന്‍റെ മേല്‍നോട്ടത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് രാജ കുമാര്‍ മിത്രയുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിലാണ് അച്ഛന്‍ മകളെ ഡാമിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും പിന്നില്‍ ഭാര്യയോടുള്ള സംശയമാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ശനിയാഴ്‌ച (05.11.2022) എച്ച് ഇസി കോളനിയിലെ ധുര്‍വ സെ്‌കടറില്‍ നിന്ന് കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ തട്ടിയെടുത്തതും കൊലപ്പെടുത്തിയതും പിതാവാണെന്ന കണ്ടെത്തലിലേക്ക് പൊലീസ് എത്തുന്നത്.
കുഞ്ഞ് എന്ത് 'പിഴച്ചു?': ഭാര്യക്ക് മറ്റൊരു ചെറുപ്പക്കാരനുമായി വിവാഹേതര ബന്ധമുണ്ടെന്നും കുഞ്ഞ് ഇവരുടെതാണെന്നും സംശയമുള്ളതിനാലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിടിയിലായ അമിത് അന്വേഷണ സംഘത്തോട് പറഞ്ഞത്. ഇതുപറഞ്ഞ് ഇയാളും ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഇങ്ങനെയിരിക്കെയാണ് ശനിയാഴ്‌ച ഭാര്യ വീട്ടിനകത്ത് ജോലിയില്‍ മുഴുകിയ സമയത്ത് ഇയാള്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നത്. മാര്‍ക്കറ്റുള്ള വഴിയിലൂടെ ഒളിച്ചുകടത്തിയ കുഞ്ഞിനെ ധുര്‍വ ഡാമിലെത്തി ചുറ്റിലും ആരും ഇല്ലാത്ത സമയം നോക്കി ഡാമിലേക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കാണാനില്ലെന്ന് ഭാര്യ വിളിച്ച് പറഞ്ഞതനുസരിച്ച് ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇയാള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
കള്ളന്‍ കപ്പലില്‍ തന്നെ: ലതേഹര്‍ സ്വദേശിയായ അമിത് കുമാര്‍ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്‌തിരുന്നത്. ജോലി ആവശ്യാര്‍ഥം പിന്നീട് ഇയാള്‍ ഭാര്യയും കുഞ്ഞുമായി ധുര്‍വ സെക്‌ടറിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറി. ശനിയാഴ്‌ച വൈകുന്നേരം നാല് മണിയോടെ ഭാര്യ കുഞ്ഞിനടുത്ത് നിന്ന് മാറി വീടിനകത്തേക്കുപോയ സമയത്താണ് ഇയാള്‍ കുഞ്ഞിനെ കടത്തുന്നത്. കൃത്യം നടപ്പിലാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ ഭാര്യക്കൊപ്പം കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി ജഗന്നാഥ്‌പുര്‍ പൊലീസ് സ്‌റ്റേഷനിലുമെത്തിയിരുന്നു. മാത്രമല്ല അന്വേഷണത്തിന്‍റെ ആവശ്യാര്‍ഥം പൊലീസിനൊപ്പം ഇയാളും കുഞ്ഞിനായി തെരച്ചില്‍ നടത്തി സ്വയം ഒളിച്ചുകളിക്കുകയായിരുന്നു.