കാസർകോട്: രാജപുരം അയ്യങ്കാവിൽ 12 വയസുകാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച പിതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ (10-08-2022) രാത്രിയിലാണ് മദ്യ ലഹരിയിൽ പിതാവ് കുട്ടിക്കെതിരെ അതിക്രമം നടത്തിയത്. ഉറക്കിക്കിടത്തുന്നതിനായി കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു.
ഇതിന് മുൻപ് സമാനമായി പെൺകുട്ടിയുടെ സഹോദരനെയും ഇയാൾ മദ്യം കുടിപ്പിച്ചിരുന്നുവെന്ന് മാതാവ് പറഞ്ഞു. കൂടാതെ അതിക്രമം തടയാൻ ശ്രമിച്ചപ്പോൾ ശാരീരികമായി ഉപദ്രവിച്ചുവെന്നും പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ പിതാവിനെതിരെ രാജപുരം പൊലീസ് കേസെടുത്തു.
ജുവനൈൽ ആക്‌ട് പ്രകാരമാണ് പൊലീസ് പിതാവിനെതിരെ കേസെടുത്തത്. ഇയാൾ മുൻപ് പോക്സോ കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം മദ്യം കുടിപ്പിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.