തിരുവനന്തപുരം: അംഗൻവാടിയിൽ പോകാൻ മടി കാണിച്ച നാല് വയസുകാരിയ ക്രൂരമായി മർദിച്ച സംഭവത്തിൽ മുത്തശിയും പിതാവും അറസ്‌റ്റിൽ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് ജുവനൈൽ ജസ്‌റ്റിസ് വകുപ്പ് പ്രകാരം വർക്കല പൊലീസ് മുത്തശിക്കും പിതാവിനുമെതിരെ കേസെടുത്തത്. വർക്കല വെട്ടൂരിലാണ് സംഭവം.
തിങ്കളാഴ്‌ച(30-1-2023) രാവിലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കുഞ്ഞിനെ മുത്തശി മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ രക്ഷിതാക്കൾ പതിവായി മർദിക്കാറുണ്ടെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു.
അംഗൻവാടിയിൽ പോകാൻ വിസമ്മതിച്ച കുട്ടിയെ മുത്തശി വടികൊണ്ട് കാലിലും മുതുകിലും തല്ലുന്നത് ദൃശ്യങ്ങളിൽ കാണാം. മുൻപ് വീട്ടിൽവച്ച് പിതാവിന്‍റെ മർദനത്തിനും കുട്ടി ഇരയായിട്ടുണ്ടെന്ന പരാതിയിലാണ് ബാലാവകാശ നിയമപ്രകാരം പിതാവിനെതിരെയും കേസെടുത്തത്.
പൊതുപ്രവർത്തകനായ അനിൽ ചെറുന്നിയൂരിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് ശിശുക്ഷേമ വകുപ്പ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.
പ്രതികൾക്കെതിരെ മൂന്ന് വർഷം വരെ തടവും, ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പിന് പുറമേ കരുതിക്കൂട്ടിയുള്ള മർദനം, ആയുധം കൊണ്ട് അല്ലെങ്കിൽ മറ്റ് എന്തെങ്കിലും സാധനങ്ങൾ കൊണ്ടുള്ള ആക്രമണം എന്നിങ്ങിനെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.