അഹമ്മദാബാദ്: ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ വ്യാജ ഐപിഎൽ മത്സരങ്ങൾ നടന്നു. 'സെഞ്ച്വറി ഹിറ്റേഴ്‌സ് 20-20' എന്ന പേരിൽ രണ്ടാഴ്‌ച ടൂർണമെന്‍റ് സംഘടിപ്പിച്ച് വാതുവെപ്പിലൂടെ ലക്ഷങ്ങളാണ് സംഘം റഷ്യൻ വാതുവെപ്പുകാരിൽ നിന്ന് തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം സംഘം അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന ഈ വിവരം പുറംലോകം അറിഞ്ഞത്. ഷോയ്‌ബ് ദാവ്‌ദ, കോലു മുഹമ്മദ്, സാദിഖ് ദാവ്‌ദ, മുഹമ്മദ് സാക്കിബ് എന്നിവരാണ് പിടിയിലായത്.
ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ മൊളിപുർ ഗ്രാമത്തിലാണ് ഈ തട്ടിപ്പ് നടന്നത്. ഐപിഎൽ പോലെയുള്ള ഒരു പ്രധാന ടൂർണമെന്‍റിന്‍റെ പ്രതീതി സൃഷ്‌ടിക്കാനായി പ്രധാന പ്രതിയായ ഷോയ്‌ബ് ദാവ്‌ദ ആദ്യമായി ചെയ്‌തത് ഒരു വയലിൽ ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കുകയായിരുന്നു. തുടർന്ന് മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളുടെ ജേഴ്‌സിയണിഞ്ഞ ഇരുപതോളം യുവാക്കളെ ഉൾപ്പെടുത്തിയാണ് വ്യാജ ഐപിഎൽ മത്സരങ്ങൾ നടത്തിയത്. 400 രൂപ ദിവസ കൂലിക്ക് ഇവരെ സംഘാടകർ എത്തിക്കുകയായിരുന്നു എന്നാണ് വിവരം.
അമ്പയർമാരും, വ്യാജ വോക്കി ടോക്കികളും, ഹർഷ ഭോഗ്‌ലെയെ അനുകരിക്കുന്ന കമന്‍ററിയും ടൂർണമെന്‍റില്‍ ഉണ്ടായിരുന്നു. അഞ്ച് ക്യാമറകൾ കൊണ്ട് മത്സരങ്ങൾ ഷൂട്ട് ചെയ്‌ത് അവ യൂട്യൂബിൽ ടെലികാസ്റ്റ് ചെയ്‌തു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ ഡൗൺലോഡ് ചെയ്‌ത ക്രൗഡ് - നോയ്‌സ് സൗണ്ട് എഫക്‌റ്റുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.
കൂടുതൽ ആധികാരികമാണെന്ന് തോന്നിപ്പിക്കുന്നതിനും മികച്ച തത്സമയ കവറേജിനുമായി സംഘം ഗ്രൗണ്ടിൽ ഫ്ലഡ് ലൈറ്റുകളും വീഡിയോ ക്യാമറകളും സ്ഥാപിക്കുകയും ടൂർണമെന്‍റ് ക്രിക്‌ഹീറോസ് (CRICHEROES) മൊബൈൽ ആപ്പിൽ 'സെഞ്ച്വറി ഹിറ്റേഴ്‌സ് 20-20' എന്ന പേരിൽ രജിസ്റ്റർ ചെയ്‌തു. ടൂർണമെന്‍റിലെ വ്യാജ ടീമുകൾക്ക് ചെന്നൈ ഫൈറ്റേഴ്‌സ്, ഗാന്ധിനഗർ ചലഞ്ചേഴ്‌സ്, പാലൻപൂർ സ്‌പോർട്‌സ് കിങ്‌സ് തുടങ്ങിയ പേരുകളാണ് നൽകിയിരുന്നത്.
ഷോയ്‌ബ് ദാവ്‌ദ റഷ്യയിൽ ജോലി ചെയ്‌തിരുന്ന സമയത്ത് സുഹൃത്തായ ആസിഫ് മുഹമ്മദിൽ നിന്നാണ് വ്യാജ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നതും, വാതുവെപ്പിനെ കുറിച്ചും ഇയാള്‍ മനസിലാക്കിയത്. തുടർന്ന് അവരുടെ യൂട്യൂബ് ചാനലിൽ മത്സരം ലൈഫ് സ്‌ട്രീം ചെയ്യുന്നതിനിടയിൽ റഷ്യയിൽ നിന്നുള്ള വാതുവെപ്പുകാരുമായി ആശയവിനിമയം നടത്തിയത് ആസിഫാണ്. ടെലിഗ്രാം വഴിയാണ് സംഘം വാതുവെപ്പ് നടത്തിയിരുന്നത്.
വാതുവെപ്പുകാരുമായി നടക്കുന്ന സംഭാഷണത്തിനനുസരിച്ച് ആസിഫ് ഗ്രൗണ്ടിൽ അമ്പയർമാരായി പ്രവർത്തിച്ച കോലു മുഹമ്മദിനും, സാദിഖ് ദാവ്‌ദയ്‌ക്കും വോക്കി-ടോക്കി വഴി നിർദേശങ്ങൾ നൽകി. അമ്പയർമാർ പിന്നീട് കളിക്കാർക്ക് നിർദേശങ്ങൾ കൈമാറും. അവർ സ്ലോ ബോൾ എറിയുകയോ അല്ലെങ്കിൽ ബാറ്റർമാർ മനപൂർവം പുറത്താകുകയോ ചെയ്‌താണ് വാതുവെപ്പ് നടത്തിയത്.
റഷ്യൻ വാതുവെപ്പുകാർ ഉൾപ്പെടുന്ന ഒരു ക്രിക്കറ്റ് വാതുവെപ്പ് റാക്കറ്റിനെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മെഹ്‌സാന സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. 3.21 ലക്ഷം രൂപ വിലമതിക്കുന്ന ക്രിക്കറ്റ് കിറ്റുകൾ, ഫ്ലഡ് ലൈറ്റുകൾ, പവർ ജനറേറ്റർ, മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ ഉപയോഗിക്കുന്ന വീഡിയോ ക്യാമറകൾ, എൽഇഡി ടിവികൾ, ഒരു ലാപ്‌ടോപ്പ്, റേഡിയോ വോക്കി-ടോക്കി സെറ്റുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.