കൊച്ചി : കേരള മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി അത്യപൂര്‍വ കുറ്റവാളിയെന്ന് പൊലീസ്. ലൈംഗിക വൈകൃതത്തിന് അടിമയായ ഇയാള്‍ മറ്റുള്ളവരുടെ വേദനയില്‍ സന്തോഷം കണ്ടെത്തുന്ന, വേണ്ടിവന്നാല്‍ കൊലപ്പെടുത്താന്‍ മടിയില്ലാത്ത സൈക്കോപാത്താണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തന്‍റെ ഇഷ്‌ടങ്ങള്‍ നടപ്പിലാക്കാന്‍ ഏതുതരം കഥ മെനയാനും കഴിവുള്ള ഇയാള്‍ സമാന ചിന്താഗതിക്കാരെക്കൊണ്ട് കൃത്യം നടപ്പിലാക്കുന്നതായിരുന്നു പതിവെന്നും പൊലീസ് വ്യക്തമാക്കി. ഇലന്തൂരിലെ നരബലി പണത്തിനും ലൈംഗിക വൈകൃതത്തിനുമായി ഷാഫി ആസൂത്രണം ചെയ്‌ത് ഭഗവൽ സിംഗിലൂടെയും ലൈലയിലൂടെയും നടപ്പിലാക്കുകയായിരുന്നു.
പെരുമ്പാവൂർ വെങ്ങോലയിലെ വേഴാപ്പിള്ളി വീട്ടിൽ മൻസൂറിന്‍റെ മകനായ മുഹമ്മദ് ഷാഫി പതിനാറാമത്തെ വയസിലാണ് നാടുവിട്ട് പോകുന്നത്. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഇയാൾ സഞ്ചരിച്ചിട്ടുമുണ്ട്. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതി ഹോട്ടൽ തൊഴിലാളി, ഡ്രൈവർ, മെക്കാനിക്ക് എന്നിങ്ങനെ ജോലി ചെയ്തിട്ടുണ്ട്. വർഷങ്ങൾ ചുറ്റിത്തിരിഞ്ഞ ശേഷം നാട്ടിൽ തിരിച്ചെത്തിയ ഇയാള്‍ കല്യാണം കഴിച്ച് കുടുംബ ജീവിതം നയിച്ചുവരികയായിരുന്നു.
പിടികൊടുക്കാതെയുള്ള ജീവിതം : അമ്പത്തിരണ്ട് വയസ് പ്രായമുള്ള ഷാഫി നിരവധി വൈകൃതങ്ങളുള്ള സ്വഭാവത്തിന്‍റെ ഉടമയും ഒരു തികഞ്ഞ ക്രിമിനലുമായിരുന്നു. സാധാരണമായി ഇയാൾ ഒരു സ്ഥലത്ത് വാടകയ്ക്ക് വീടെടുത്ത് ഏതാനും മാസങ്ങൾ മാത്രമേ താമസിക്കാറുണ്ടായിരുന്നുള്ളൂ. ഇടയ്ക്കിടെ വീടുമാറി കൊണ്ടിരുന്നതിനാൽ ഇയാളെ കുറിച്ച് നാട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. ഇതിനിടെ എറണാകുളം എം.ജി റോഡിന് സമീപം ഒരു ഹോട്ടൽ നടത്തിയാണ് ഷാഫി പണത്തിനും ലൈംഗിക വൈകൃതത്തിനും വേണ്ടിയുള്ള വഴികൾ തേടിയിരുന്നത്. നഗരത്തിലെ ലൈംഗിക തൊഴിലാളികളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും കൊച്ചിയിലുള്ള ഇയാളുടെ ഹോട്ടൽ ഇത്തരക്കാരുടെ ഇടത്താവളമായി പ്രവർത്തിച്ചിരുന്നുവെന്നുമുള്ള വിവരമാണ് പുറത്തുവരുന്നത്.
മുതലെടുപ്പ്, പിന്നെ വിശ്വാസത്തിലെടുപ്പ് : മൂന്ന് വർഷം മുമ്പ് ശ്രീദേവിയെന്ന പേരിൽ ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങി ഇരകൾക്കായി ഇയാൾ വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നമുള്ളവർ ബന്ധപ്പെടണമെന്ന് ഈ അക്കൗണ്ട് വഴി പരസ്യവും നൽകിയിരുന്നു. ഇത് കണ്ടായിരുന്നു ഭഗവൽ സിംഗ് ശ്രീദേവിയെന്ന അക്കൗണ്ടുമായി സൗഹൃദം തുടങ്ങുന്നത്. രണ്ട് വർഷത്തോളമായി ഇവർ സ്ഥിരമായി ഫേസ്ബുക്ക് വഴി സംസാരിച്ചിരുന്നു. ഇവരുടെ ബന്ധം ദൃഢമായ ശേഷമാണ് റഷീദെന്ന സിദ്ധൻ കഥാപാത്രത്തെ ഇയാള്‍ അവതരിപ്പിച്ചത്. അവസാനം ഷാഫി തന്നെ സിദ്ധൻ റഷീദായി ഭഗവൽ സിംഗിനെ കാണുകയും പുതിയൊരു സൗഹൃദം തുടങ്ങുകയുമായിരുന്നു. ഇതോടെയാണ് ഭഗവൽ സിംഗിനെയും, ലൈലയേയും പൂർണമായും തന്‍റെ വരുതിയിലാക്കിയത്. റഷീദെന്ന സിദ്ധനായി ആൾമാറാട്ടം നടത്തിയ ഷാഫി താന്‍ എന്ത് പറഞ്ഞാലും അംഗീകരിക്കുന്ന രീതിയിലേക്ക് കൂട്ടുപ്രതികളെ മാറ്റിയെടുക്കുകയായിരുന്നു. ഇതിനുശേഷമായിരുന്നു നരബലിയുടെ ആസൂത്രണം ആരംഭിക്കുന്നത്.
സൈക്കോപാത്തിലേക്ക് : മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ദമ്പതിമാരുടെ സഹായത്തോടെ ഷാഫി നരബലി നടപ്പിലാക്കിയത്. കൊലപാതകത്തിന് ശേഷം മനുഷ്യ ശരീരം വെട്ടി മുറിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന അതിക്രൂരമായ മാനസികാവസ്ഥയിലേക്ക് പ്രതി ഷാഫി ഇതിനോടകം എത്തിയിരുന്നതായാണ് പൊലീസിന്‍റെ വിലയിരുത്തൽ. പുത്തൻകുരിശിൽ വയോധികയെ പീഡിപ്പിച്ചതും വൈദ്യനെന്ന വ്യാജേന എത്തിയായിരുന്നു. അന്നും വയോധികയായ സ്‌ത്രീയുടെ സ്വകാര്യ ഭാഗത്ത് ഇയാള്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിൽ ഈ കേസും കൊച്ചി പൊലീസ് പരിശോധിക്കും. ഓമനയെന്ന പത്തനംതിട്ടക്കാരിയായ മറ്റൊരു സ്‌ത്രീയേയും ഇലന്തൂരിലെ വീട്ടിൽ നരബലിക്കായി ഷാഫിയെത്തിച്ചിരുന്നു. എന്നാൽ അവർ താൻ ഇലന്തൂരിലുണ്ടെന്ന് പലരെയും ഫോണിൽ അറിയിച്ചതോടെ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ നരബലി ശ്രമം ഒഴിവാക്കുകയായിരുന്നു.
നാവാണ് ആയുധം : വൈകുന്നേരം നാല് മണിയോടെ ഇരകളെ സ്ഥലത്തെത്തിച്ച് നേരം ഇരുട്ടിയാൽ കൊലപ്പെടുത്തി അർധരാത്രിക്ക് ശേഷം മൃതദേഹം കഷണങ്ങളാക്കി മാറ്റി കുഴിച്ചിടുന്നതായിരുന്നു ഇയാളുടെ രീതി. നരബലി നടത്തിയ റോസ്‌ലിന്‍റെ മൃതദേഹത്തിന്‍റെ ഭാഗങ്ങൾ ഭക്ഷിക്കാൻ ഭഗവൽ സിംഗിനെയും ലൈലയേയും പ്രേരിപ്പിച്ചതും ഷാഫി തന്നെയായിരുന്നു. ആയുരാരോഗ്യം ലഭിക്കാൻ മനുഷ്യ ശരീരം ഭക്ഷിക്കുന്നത് നല്ലതാണെന്ന് ഷാഫി വിശ്വസിപ്പിച്ചതായാണ് ലൈല മൊഴി നൽകിയത്. ചോദ്യം ചെയ്യലിൽ ആദ്യ ഘട്ടത്തിൽ പൂർണമായും സഹകരിക്കാതിരുന്ന ഷാഫിക്ക് അസാമാന്യമായ വാഗ്‌വൈഭവമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഇയാള്‍ക്ക് ആരെയും എന്തും പറഞ്ഞ് വിശ്വസിപ്പിക്കാൻ കഴിയുമെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായതെന്നും കടവന്ത്രയിൽ റജിസ്‌റ്റർ ചെയ്‌ത പത്മം തിരോധാനക്കേസിൽ ഷാഫി പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഇനിയും നിരവധി സ്‌ത്രീകളെ ഇയാൾ കൊലപ്പെടുത്തുമായിരുന്നുവെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. ഒരു സീരിയൽ കില്ലറായി മാറിയേക്കാവുന്ന സൈക്കോയെയാണ് കൊച്ചി പൊലീസ് നിയമത്തിന് മുന്നിലെത്തിച്ചത് എന്നതില്‍ സംശയമില്ല.