എടവനക്കാട് രമ്യ കൊലക്കേസ് ; പ്രതി സജീവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും - kochi murder
കൊലപാതകത്തിന് ശേഷം നാല് മാസം കഴിഞ്ഞ് സജീവ് ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഞാറയ്‌ക്കല്‍ പൊലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു.
എറണാകുളം: കൊച്ചിയില്‍ ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ എടവനക്കാട് സ്വദേശി സജീവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഞാറയ്‌ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ എത്തിക്കുക. ഭാര്യ രമ്യയുടെ മൃതദേഹാവശിഷ്‌ടങ്ങൾ വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ് വീട്ടുമുറ്റത്ത് നിന്നും കുഴച്ചിട്ട നിലയിൽ കണ്ടെത്തിയത്.
മൃതദേഹാവശിഷ്‌ടങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിൽ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കും. ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഒരു വർഷം മുമ്പാണ് കൊലപാതകം നടത്തിയതെന്ന് പ്രതി കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു. 2021 ഒക്‌ടോബർ 16 ന് രാവിലെയാണ് ഭാര്യ രമ്യയെ സജീവന്‍ കൊലപ്പെടുത്തിയത്.
തുടര്‍ന്ന് രാത്രിയോടെ മൃതദേഹം വീടിനോട് ചേർന്ന് കുഴിച്ചിടുകയായിരുന്നു. സംഭവം നടന്ന ദിവസം ഇവരുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.
കൊലപാതകത്തിന് ശേഷം 2022 ഫെബ്രുവരിയില്‍ ഭാര്യയെ കാണാനില്ലെന്ന് സജീവ് ഞാറയ്‌ക്കല്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് നടത്തിയ അന്വേഷണം സജീവിലേക്ക് എത്തിനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തില്‍ ആയിരുന്നു ഇയാള്‍.
ആവശ്യമായ തെളിവുകള്‍ ഉള്‍പ്പടെ സമാഹരിച്ച ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇലന്തൂര്‍ നരബലി കേസില്‍ കാണാതായ സ്ത്രീകളെ കുറിച്ചുള്ള അന്വേഷണം നടത്തുന്നതിനിടെ രമ്യയെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു. പിന്നാലെ കഴിഞ്ഞ ദിവസം സജീവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായ ചോദ്യം ചെയ്യലിനും വിധേയനാക്കി.
ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഭാര്യയെ താന്‍ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടതായി സജീവന്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പ്രതിയുടെ മൊഴിപ്രകാരം നടത്തിയ പരിശോധനയിലാണ് രമ്യയുടെ മൃതദേഹാവശിഷ്‌ടങ്ങളും സജീവിന്‍റെ വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തിയത്. കൊലപാതകത്തില്‍ മറ്റ് ആരുടെയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചോ എന്നത് ഉള്‍പ്പടെയുള്ള വിവരം പൊലീസ് അന്വേഷിക്കുന്നുണ്ട്.
പതിനേഴ് വര്‍ഷം മുമ്പാണ് സജീവും രമ്യയും വിവാഹിതരായത്. പ്രണയ വിവാഹത്തിന് ശേഷം ബന്ധുക്കളുമായി ഇവര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ കൊലപാതക ശേഷം ഭാര്യ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാനായി ബെംഗളൂരുവിലേക്ക് പോയെന്നാണ് ഇയാള്‍ മക്കളെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചിരുന്നത്. കൂടാതെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയെന്നും സജീവന്‍ നാട്ടില്‍ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു.
പെയിന്‍റിങ് തൊഴിലാളിയായ സജീവൻ നാട്ടുകാരുമായി അടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്നു. ഇതിനാല്‍ തന്നെ ഇയാളെ ആരും സംശയിച്ചിരുന്നില്ല. ഭാര്യയെ കൊല ചെയ്‌ത് കുഴിച്ചിട്ട വീട്ടില്‍ ഒരു വര്‍ഷത്തിലേറെയാണ് ഇയാള്‍ മക്കളുമായി കഴിഞ്ഞത്. അതേസമയം, അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു സജീവന്‍. ഇതിനിടെയാണ് കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇയാള്‍ അറസ്റ്റിലായത്.