ആലപ്പുഴ : തകഴിയിൽ നാൽക്കാലിയോട് സാമൂഹ്യ വിരുദ്ധരുടെ ക്രൂരത. തകഴി പഞ്ചായത്ത് 3-ാം വാർഡിൽ ചിറയകത്തെ സ്വകാര്യ പുരയിടത്തിൽ കെട്ടിയിരുന്ന പോത്തിന്‍റെ ചെവികൾ അറുത്തുമാറ്റുകയും വയറിന്‍റെ ഇടതുവശത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
ചിറയകം വടക്കേനട സ്വദേശി രാഹുലിന്‍റെ ഉടമസ്ഥതയിലുള്ള ഒന്നര വയസുള്ള പോത്തിനോടാണ് കൊടുംകൂരത കാട്ടിയത്. രാഹുലിന്‍റെ വീടിന് സമീപത്തെ അറുപതിൽചിറ ഷാപ്പിനോട് ചേർന്ന് പുരയിടത്തിലാണ് പോത്തിനെ കെട്ടിയിരുന്നത്. എന്നാൽ പുലർച്ചെ പുല്ലു കൊടുക്കാൻ പോയ ഉടമ പോത്തിനെ കാണാഞ്ഞതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മറ്റൊരു പുരയിടത്തിൽ രക്തം വാർന്ന നിലയിൽ പോത്തിനെ കണ്ടെത്തിയത്.
രക്തം ഏറെ വാർന്നിരുന്നതിനാൽ തല ഉയർത്തുവാനോ എഴുന്നേറ്റ് നിൽക്കുവാനോ കഴിയാത്ത അവസ്ഥയിലായിരുന്നു പോത്ത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോത്തിനെ അടുത്തുള്ള മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ മൃഗഡോക്ടർ ഇല്ലാത്തതിനാൽ ആശുപത്രി ജീവനക്കാരാണ് പ്രാഥമിക ചികിത്സ നൽകിയത്.
ALSO READ : കാട്ടാനയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം
സംഭവത്തിൽ ഉടമയുടെ പരാതിയിന്മേൽ പൊലീസും മൃഗസംരക്ഷണ വകുപ്പും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പോത്ത് അപകട നില തരണം ചെയ്തിട്ടില്ല. നാല്‍ക്കാലിയോട് ക്രൂരത കാട്ടിയവരെ കണ്ടെത്തി ശിക്ഷ ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.