ദവനഗെരെ (കര്‍ണാടക): നിധി കിട്ടിയെന്നും കൈവശം പരമ്പരാഗത സ്വര്‍ണ നാണയങ്ങളുണ്ടെന്നും വിശ്വസിപ്പിച്ച് വ്യാജ സ്വർണനാണയങ്ങൾ നൽകി പണം തട്ടുന്ന കേസുകൾ കർണാടകയിലെ ദവനഗെരെയില്‍ വര്‍ധിക്കുന്നു. ഇത്തരത്തില്‍ അവസാനമായി വയനാട് സ്വദേശിയായ മുരളീധറാണ് മുപ്പത് ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ ദവനഗെരെ ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് ആളുകള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ബോധവത്‌കരണവും ആരംഭിച്ചിട്ടുണ്ട്.
ദവനഗെരെ സിറ്റിയിലെ പിബി റോഡിലുള്ള ടൊയോട്ട ഷോറൂമിന് സമീപം വച്ചാണ് വ്യാജ സ്വര്‍ണ നാണയങ്ങള്‍ നല്‍കി മുരളീധറില്‍ നിന്ന് മുപ്പത് ലക്ഷം രൂപ തട്ടുന്നത്. ഈ കേസില്‍ ഡിസ്‌ട്രിക്‌റ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പൊലീസ് സംഘം ബെംഗളൂരു, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നായി പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. ഇതിനെത്തുടര്‍ന്നാണ് പ്രതി ഗിരീഷ് പിടിയിലാകുന്നത്.
പ്രതിയില്‍ നിന്ന് 22 ലക്ഷം രൂപ കണ്ടെടുത്തതായും കേസിലെ മറ്റു പ്രതികള്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌പി സിബി റിഷ്യന്ത് അറിയിച്ചു.
ദവനഗെരെ എന്ന 'ഹോട്ട്‌സ്‌പോട്ട്': വിദ്യാനഗർ പൊലീസ് സ്‌റ്റേഷൻ, ആർഎംസി യാർഡ് പൊലീസ് സ്‌റ്റേഷൻ, കെടിജെ നഗർ പൊലീസ് സ്‌റ്റേഷൻ, സന്തേബെന്നൂർ, ജഗലുരു, ഗാന്ധി നഗർ പൊലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ 10 മുതൽ 15 വരെ തട്ടിപ്പ് കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ഇതിന് പുറമെ ആന്ധ്ര, മഹാരാഷ്‌ട്ര, പൂനെ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ആളുകള്‍ എത്തുന്നുണ്ടെന്നും തട്ടിപ്പ് വര്‍ധിക്കുകയാണെന്നും എസ്‌പി സിബി റിഷ്യന്ത് കൂട്ടിച്ചേര്‍ക്കുന്നു.