കോട്ടയം: സിഗരറ്റ് കുറ്റി ഉപയോഗിച്ച് കുട്ടികളുടെ ദേഹം പൊള്ളിച്ച കേസിൽ ബന്ധുവിനെ പൊലീസ് പിടികൂടി. ഈരാറ്റുപേട്ട സ്വദേശി ലിജോ ജോസഫിനെയാണ് (30) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്‌തത്. ഇന്നലെ (ഡിസംബര്‍ അഞ്ച്) പ്രതി സിഗരറ്റ് വലിച്ചുകൊണ്ടിരിക്കെ വീട്ടിലുണ്ടായിരുന്ന ബന്ധുക്കളായ കുട്ടികളെ പൊള്ളിക്കുകയായിരുന്നു.
കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് ഇയാളെ പിടികൂടുകയായിരുന്നു. ലിജോ ജോസഫിനെതിരെ ഈരാറ്റുപേട്ട, ആലപ്പുഴ പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതകം, അടിപിടി, പോക്സോ, മുക്കുപണ്ടം പണയ തട്ടിപ്പ് എന്നീ കേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട എസ്‌എച്ച്‌ഒ ബാബു സെബാസ്റ്റ്യൻ, എസ്‌ഐ വിഷ്‌ണു വിവി, സിപിഒമാരായ ജോബി ജോസഫ്, അനൂപ് സത്യൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.