ബല്ലിയ (യുപി): ഭോജ്‌പുരി ചലച്ചിത്ര നടന്‍ പവന്‍ സിങ്ങിനെതിരെ കടുത്ത പീഡനാരോപണങ്ങളുമായി ഭാര്യ ജ്യോതി സിങ്. താരം മാനസികമായി പീഡിപ്പിച്ചുവെന്നും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായാണ് ജ്യോതി സിങ് രംഗത്തെത്തിയത്. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും ബല്ലിയ സിറ്റി പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്‌ടർ ഇൻചാർജ് പ്രവീൺ കുമാർ സിങ് അറിയിച്ചു.
2018 മാർച്ച് ആറിനാണ് താൻ നടനെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം പവൻ സിങും അമ്മ പ്രതിമാ ദേവിയും സഹോദരിയും തന്‍റെ രൂപം ചൂണ്ടിക്കാണിച്ച് പരിഹാസം തുടങ്ങിയെന്ന് മിദ്ദി സ്വദേശിനിയായ ജ്യോതി സിങ് പരാതിയില്‍ പറയുന്നു. തനിക്ക് അമ്മാവനില്‍ നിന്ന് ലഭിച്ച 50 ലക്ഷത്തോളം രൂപ പവൻ സിങിന്‍റെ അമ്മ തട്ടിയെടുത്തുവെന്നും ഗര്‍ഭിണിയായിരുന്നപ്പോള്‍ മരുന്ന് നല്‍കി ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.
ആഡംബര കാറായ മെഴ്‌സിഡസ് ബെന്‍സ് ആവശ്യപ്പെട്ട് താരം മാനസികമായി പീഡിപ്പിച്ചുവെന്നും യുവതി ആരോപിച്ചു. പരാതിയുമായി ബന്ധപ്പെട്ട എല്ലാവിധ തെളിവുകളും തന്‍റെ പക്കലുണ്ടെന്നും അത് ശരിയായ സമയത്ത് പരസ്യപ്പെടുത്തുമെന്നും അവര്‍ അറിയിച്ചു. താരത്തിനെതിരെ കുടുംബ കോടതിയില്‍ ജീവനാശംത്തിന് കേസ് ഫയല്‍ ചെയ്‌തിട്ടുണ്ടെന്നും ഇതില്‍ നവംബര്‍ അഞ്ചിന് താരത്തിനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജ്യോതി സിങ് കൂട്ടിച്ചേര്‍ത്തു.
അതേസമയം 2014-ൽ 'ലോലിപോപ്പ് ലഗേലു' എന്ന ഗാനത്തിലൂടെയാണ് 36 കാരനായ പവന്‍ സിങ് പ്രശസ്‌തനാകുന്നത്. 2014 ല്‍ തന്നെ ഇയാള്‍ നീലം എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്‌തിരുന്നു. എന്നാല്‍ 2015 ല്‍ ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.