കാരവാര (കർണാടക) : ബാങ്കിൽ നിന്ന് 2.69 കോടി ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയശേഷം അസിസ്‌റ്റന്‍റ് മാനേജർ മുങ്ങി. ഉത്തര കർണാടകയിലെ യല്ലപ്പൂരിലാണ് സംഭവം. ബാങ്ക് ഓഫ് ബറോഡ ശാഖയിലെ അസിസ്‌റ്റന്‍റ് മാനേജർ കുമാർ ബോണലയാണ് തട്ടിപ്പ് നടത്തി കടന്നുകളഞ്ഞത്.
ആന്ധ്രാപ്രദേശിലെ അനന്തപൂർ സ്വദേശിയാണ് കുമാർ ബോണല. അഞ്ച് മാസം മുമ്പാണ് ഇയാൾ യല്ലാപ്പൂർ ടൗണിലെ ബാങ്ക് ഓഫ് ബറോഡയിൽ അസിസ്‌റ്റന്‍റ് മാനേജരായി ജോലിയിൽ പ്രവേശിച്ചത്. ഇതുമുതല്‍ ഇയാള്‍ ബാങ്കില്‍ നിന്ന് ഭാര്യ രേവതി ഗോറിന്‍റെ അക്കൗണ്ടിലേക്ക് ഘട്ടംഘട്ടമായി പണം ട്രാൻസ്‌ഫർ ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതി ജോലിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കിൽ നിന്ന് പണം നഷ്‌ടപ്പെട്ടതായി കണ്ടെത്തിയത്. ബാങ്കിലെ മറ്റ് ജീവനക്കാരുടെ ലോഗിൻ ഐഡി ഉപയോഗിച്ചാണ് പ്രതി പണം ട്രാൻസ്‌ഫർ ചെയ്‌തത്.
സംഭവത്തിൽ ബാങ്ക് മാനേജരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ല പോലീസ് സൂപ്രണ്ട് ഡോ. സുമൻ ഡി പന്നേക്കാട് പറഞ്ഞു. ഉപയോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.