ആലപ്പുഴ: പതിനേഴ് വർഷം മുമ്പ് ആലപ്പുഴയില്‍ നിന്ന് കാണാതായ രാഹുലിന്‍റെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നഗരസഭ പൂന്തോപ്പ് വാര്‍ഡ് രാഹുല്‍ നിവാസില്‍ എ.ആര്‍ രാജു (55) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി 8.30ഓടെയാണ് രാജുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ മിനി ജോലിക്ക് പോയിരുന്നു.
മകള്‍ ശിവാനി മുത്തശ്ശിയോടൊപ്പം ബന്ധുവീട്ടിലുമായിരുന്നു. ഇവര്‍ തിരിച്ചെത്തി വാതിലില്‍ മുട്ടിയപ്പോള്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അസല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
2005 മേയ് 18-ന് ക്രിക്കറ്റ് കളിക്കിടെയാണ് ഏഴു വയസുകാരനായ രാഹുലിനെ കാണാതായത്. രാഹുലിന്‍റെ തിരോധാനത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം ഫലംകണ്ടില്ല. തുടര്‍ന്ന് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐ.യുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ സംഘങ്ങള്‍ മാറിമാറി അന്വേഷിച്ചിട്ടും രാഹുലിനെപ്പറ്റി ഒരു സൂചനയും കിട്ടിയില്ല.
അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് 2015-ല്‍ സി.ബി.ഐ. കോടതിക്കു റിപ്പോര്‍ട്ടു നല്‍കി. ഇനിയൊന്നും ചെയ്യാനില്ലെന്ന സി.ബി.ഐ.യുടെ വാദം കോടതി അംഗീകരിച്ചു. ഇക്കഴിഞ്ഞ 18നാണ് രാഹുലിനെ കാണാതായി 17 വർഷം പൂർത്തിയായത്. രാഹുലിന്‍റെ തിരോധാനത്തെ തുടർന്ന് ഗൾഫിൽനിന്ന് മടങ്ങിയെത്തിയ രാജു പിന്നീട് ശാരീരിക അസ്വസ്ഥകളെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: മിനി (കൺസ്യൂമർ ഫെഡ് നീതി സ്റ്റോർ ജീവനക്കാരി). മകൾ: ശിവാനി (ഒമ്പതാം ക്ലാസ് വിദ്യാർഥിനി).
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)