എറണാകുളം: കൊച്ചിയില്‍ വാഹനത്തില്‍ വച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു. രാജസ്ഥാന്‍ സ്വദേശിനിയായ മോഡല്‍ ഡിംപിള്‍, കൊടുങ്ങല്ലൂർ സ്വദേശികളായ സുധി, നിധിൻ, വിവേക് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഓരോ പ്രതികളുടെയും പങ്ക് സംബന്ധിച്ചും വിശദമായ പരിശോധന നടത്തും.
വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ളവ പൂർത്തിയാക്കിയിട്ടുണ്ട്. കുറ്റകൃത്യത്തിനായി ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്നോ നാളെയോ കോടതിയിൽ ഹാജരാക്കും. ബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, മനുഷ്യക്കടത്ത് തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതികളെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കുമെന്നും പ്രതികളുടെ സാംപിൾ ശേഖരിച്ചതായും കമ്മിഷണർ വ്യക്തമാക്കി.
പരാതിക്കാരിയുടെ മൊഴി പ്രകാരം മുഖ്യപ്രതി സംഭവത്തിൽ ഉൾപ്പെട്ട വനിതയാണ്. പ്രതികളുടെ മുൻകാല ചരിത്രം സംബന്ധിച്ച് അന്വേഷണം നടത്തും. പ്രതിയായ സ്ത്രീയും ഇരയായ സ്ത്രീയും തമ്മിലുള്ള പരിചയമാണ് കുറ്റകൃത്യത്തിന് മറ്റ് പ്രതികൾക്ക് സഹായകമായത്. പരാതിക്കാരി നിലവില്‍ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും കമ്മിഷണർ വ്യക്തമാക്കി. വ്യാഴാഴ്‌ച അര്‍ധരാത്രിയാണ് കൊച്ചിയില്‍ താമസമാക്കിയ കാസര്‍കോട് സ്വദേശി വാഹനത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. തേവരയിലെ ബാറിലെ ഡിജെ പാര്‍ട്ടിക്കെത്തിയ യുവതി മദ്യലഹരിയിലായതോടെയാണ് യുവാക്കള്‍ കാറില്‍ കയറ്റി കൊണ്ട് പോയി പീഡിപ്പിച്ചത്. സുഹൃത്തായ ഡിംപിളിന്‍റെ ക്ഷണപ്രകാരമാണ് യുവതി ബാറിലെത്തിയത്.
കാറില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം യുവതിയെ വീണ്ടും ബാറിലെത്തിച്ച് പ്രതിയായ യുവതിക്കൊപ്പം കാക്കനാട്ടെ താമസ സ്ഥലത്തേക്ക് കൊണ്ട് വിട്ടു. പീഡനത്തിന് ശേഷമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി വെള്ളിയാഴ്‌ച പുലർച്ചെ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
സൗത്ത് പൊലീസ് പ്രതികളായ മൂന്ന് യുവാക്കളെയും യുവതിയേയും മണിക്കൂറുകൾക്കകം തന്നെ പിടികൂടുകയായിരുന്നു. രണ്ട് പേര്‍ കൊച്ചിയില്‍ നിന്നും രണ്ട് പേര്‍ കൊടുങ്ങല്ലൂരില്‍ നിന്നുമാണ് പിടിയിലായത്.