തിരുവനന്തപുരം : ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിന് ഇരുപത്തിയെട്ടര വര്‍ഷത്തെ കഠിന തടവും അറുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം സ്വദേശിയായ സെൽജി (23)നെയാണ് ജഡ്‌ജ് ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒമ്പത് മാസം കൂടി ശിക്ഷ അനുഭവിക്കണം. 2017 ആഗസ്റ്റ് മുതൽ 2018 ഏപ്രിൽ മാസം വരെ നിരവധി തവണ പ്രതി കുട്ടിയെ പീഡിപ്പിച്ചു. കോഴിക്കോട് സ്വദേശിയായ കുട്ടി പഠിക്കാനായി അമ്മയുടെ സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു. സഹോദരിയുടെ മകനാണ് പ്രതി.
കുട്ടിയുടെ അമ്മ രോഗബാധിതയായതിനാലാണ് പഠിക്കാൻ സഹോദരിയുടെ വീട്ടിലേയ്ക്ക് അയച്ചത്. ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടിയെ പ്രതി പല തവണകളായി വീട്ടിൽവച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി വേദന കൊണ്ട് കരയുമ്പോള്‍ വാ പൊത്തി പിടിച്ച് പ്രതി കുട്ടിയെ ക്രൂരമായി മർദിക്കും.
പുറത്തുപറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതുകൂടാതെ ബൈക്കിൻ്റെ സൈലൻസറില്‍ കുട്ടിയുടെ കാൽ പൊള്ളിക്കുകയും ചെയ്‌തു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടായി.
സ്‌കൂള്‍ അവധിക്ക് കുട്ടിയെ അമ്മ കോഴിക്കോടേക്ക് കൂട്ടിക്കൊണ്ടുപോയി. ഈ സമയം കുട്ടിയുടെ സ്വകാര്യ ഭാഗത്തുണ്ടായ മുറിവിൽ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് അമ്മയ്ക്ക് സംശയം തോന്നിയത്. തുടർന്ന് കുട്ടിയോട് തിരക്കിയപ്പോഴാണ് പീഡനത്തിൻ്റെ വിവരം പറഞ്ഞത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പിഴത്തുക കുട്ടിക്ക് നൽക്കണമെന്നും സർക്കാർ നഷ്‌ട പരിഹാരം നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. പൂന്തുറ ഇൻസ്പെക്ടർ ബി.എസ്.സജി കുമാർ, സബ് ഇൻസ്പെക്ടർ സജിൻ ലൂയിസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്‌തരിക്കുകയും 11 രേഖകൾ ഹാജരാക്കുകയും ചെയ്‌തു.