മലപ്പുറം: പരപ്പനങ്ങാടി എക്‌സൈസ് നടത്തിയ റെയ്‌ഡുകളിൽ 1000 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും പിടികൂടി. കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നടത്തിയ പരിശോധനയിൽ മാത്രം ചാരായം വാറ്റാനായി സൂക്ഷിച്ച 865 ലിറ്റര്‍ വാഷാണ് പിടിച്ചെടുത്തത്. കരിപ്പൂര്‍ പോലീസ് സ്റ്റേഷന് സമീപം എയര്‍പോര്‍ട്ട് ഐസൊലേഷന്‍ ബേക്കടുത്ത് കുളത്തിന് സമീപം കുറ്റിക്കാടുകള്‍ക്കിടയില്‍ ബാരലുകളിലും കുടങ്ങളിലുമായി നിറച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്. പെരുവള്ളൂര്‍ കേന്ദ്രീകരിച്ച് മറ്റൊരു വ്യാജ ചാരായ നിര്‍മാണ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കാടപ്പടി ഹരിജന്‍ പൊതു ശ്മശാനത്തിനടുത്ത് നിന്ന് എട്ട് ലിറ്റര്‍ ചാരായവും 70 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി.
Also Read:മലപ്പുറത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ; കർശന നിയമനടപടികൾക്കൊരുങ്ങി ജില്ല ഭരണകൂടം
രണ്ട് കേസുകളിലും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പരിശോധനക്ക് നേതൃത്വം നല്‍കിയ എക്‌സൈസ് പ്രിവന്‍റീവ് ഓഫിസര്‍ ടി പ്രജോഷ് കുമാര്‍ വ്യക്തമാക്കി. ലോക്ഡൗണ്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും കരിപ്പൂർ വിമാനത്താവളം, കാലിക്കറ്റ് സര്‍വ്വകലാശാല പ്രദേശങ്ങളിൽ വ്യാജ മദ്യം വ്യാപകമാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്. റെയ്ഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കിയതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര അറിയിച്ചു. റെയ്‌ഡിൽ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശിഹാബുദ്ദീന്‍ കെ, സാഗിഷ് സി, സുഭാഷ് ആര്‍ യു, ജയകൃഷ്ണന്‍ എ, വനിത ഓഫിസര്‍മാരായ സിന്ധു പി, ലിഷ പി എം, എക്‌സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ഇടങ്ങളില്‍ നിന്നായി പരപ്പനങ്ങാടി എക്‌സൈസ് കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ പിടികൂടിയത് 1500 ലിറ്ററോളം വാഷും 17 ലിറ്റര്‍ ചാരായവുമാണ്.