മലപ്പുറം: ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് വിൽപ്പനയ്ക്ക് ശ്രമിക്കുന്നതിനിടെ ആറംഗസംഘം മലപ്പുറത്ത് പിടിയിൽ. കാറിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച പത്ത് കിലോഗ്രാം കഞ്ചാവുമായി തൃശ്ശൂർ, പാലക്കാട്, കണ്ണൂർ സ്വദേശികളായ സംഘമാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് സംഘം പിടിയിലായത്.
തൃശ്ശൂർ കൊടകര സ്വദേശികളായ അണലിപറമ്പിൽ വിഷ്ണു (29), ചെമ്പുചിറ ഉമ്മലപറമ്പിൽ വിഷ്ണു (28), വരന്തരപ്പള്ളി മപ്രാണത്ത് ബഡ്സൺ ആന്‍റണി (26), പുതുക്കാട് ചെറുവാൾ വീട്ടിൽ വിഷ്ണു (27), ചെത്തല്ലൂർ സ്വദേശി ചോലമുഖത്ത് മുഹമ്മദ് സാലിഹ് (35), കണ്ണൂർ വെള്ളോറ സ്വദേശി കണ്ടക്കീൽ നൗഷാദ് (37) എന്നിവരെയാണ് മുണ്ടുപറമ്പ് ബൈപ്പാസിൽ വച്ച് സി.ഐ ജോബി തോമസ്, എസ്.ഐ അമീറലി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് ആയിരം രൂപ മുതൽ വിലക്ക് വാങ്ങി കേരള- തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിൽ എത്തിച്ച് ആവശ്യക്കാർക്ക് മുപ്പതിനായിരം രൂപവരെ വിലയിട്ടാണ് ഇവര്‍ വിൽപ്പന നടത്തുന്നത്. ആവശ്യക്കാർക്ക് കാറുകളിലും ചെറു ചരക്ക് ലോറികളിലും പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവര്‍.
ഡിവൈഎസ്‌പി പി.എം പ്രദീപ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കി.