തൃശൂര്‍ : ഇന്ത്യയിൽ ആദ്യമായി ജയിലിൽ നിന്നും ഒരു ചാനൽ സംപ്രേഷണം ആരംഭിക്കുന്നു. പേര് ‘ഫ്രീഡം ചാനൽ’. ജയില്‍ ആധുനികവത്കരണത്തിന് തുടക്കമിട്ട വിയ്യൂർ സെൻട്രൽ ജയിലില്‍ നിന്നുതന്നെയാണ് ടെലിവിഷന്‍ ചാനലും വരുന്നത്.
ജയില്‍ ഉത്പന്നങ്ങളുടെ ബ്രാൻഡ് ആയി മാറിയ ഫ്രീഡം എന്ന പേര് തന്നെയാണ് ചാനലിനും നല്‍കിയിരിക്കുന്നത്. അവതാരകരും ഗായകരുമായി അന്തേവാസികളും ചാനലിലൂടെ തിളങ്ങും. ഇഷ്ടഗാനങ്ങള്‍, തടവുകാര്‍ നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രങ്ങള്‍, കോമഡി ഷോ, മിമിക്രി എന്നിവയും കലാമൂല്യമുള്ള സിനിമകളും ചാനല്‍ സംപ്രേഷണം ചെയ്യും. വീഡിയോഗ്രഫി, ഫോട്ടോഗ്രഫി എന്നിവയില്‍ പരിശീലനം ലഭിച്ച അന്തേവാസികളെ ഉള്‍പ്പെടുത്തിയാണ് ചാനല്‍ പ്രവര്‍ത്തിക്കുക. സംപ്രേഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ ഒരാഴ്ച മുമ്പേ ഷൂട്ട് ചെയ്ത് എഡിറ്റിങ് ജോലികള്‍ പൂര്‍ത്തിയാക്കി സ്‌ക്രീനിംഗിന് ശേഷം അന്തേവാസികളെ പാര്‍പ്പിച്ചിരിക്കുന്ന ബാരക്കുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷനിലൂടെ പ്രദര്‍ശിപ്പിക്കും. ഇന്ത്യയിൽ ആദ്യമായി വിയ്യൂര്‍ ജയിലിൽ നിന്നും പ്രക്ഷേപണം തുടങ്ങിയ ഫ്രീഡം മെലഡി എന്ന റേഡിയോയും മികച്ച പരിപാടികളുമായി സജീവമാണ്. ഇതിന്‍റെ അവതാരകരും സാങ്കേതിക പ്രവര്‍ത്തകരുമൊക്കെ തടവുകാര്‍ തന്നെയാണ്. മികച്ച സോഫ്റ്റ്‌വെയറുകളുപയോഗിച്ച് ആധുനിക രീതിയിലാണ് റേഡിയോയുടെ പ്രവര്‍ത്തനം. ജയിലിലുള്ള എല്ലാ അന്തേവാസികള്‍ക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും ഒരേ സമയം ആസ്വദിക്കുവാന്‍ സാധിക്കുന്ന രീതിയിലാണ് റേഡിയോ പ്രക്ഷേപണം നടത്തുന്നത്. ജയിലുകളില്‍ ആദ്യമായി രൂപം കൊണ്ട മ്യൂസിക് ബാന്‍ഡായ ഫ്രീഡം മെലഡിയും വിയ്യൂർ ജയിലിൽ നിന്നാണ്. ഫ്രീഡം ഫിലിം ക്ലബും ജയിലിൽ പ്രവർത്തിക്കുന്നുണ്ട്.