തൃശൂർ : സിപിഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും തിരുവാതിര. നൂറോളം പേരെ പങ്കെടുപ്പിച്ചാണ് ഊരോംകാട് ക്ഷേത്ര പരിസരത്ത് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിര സംഘടിപ്പിച്ചത്. സിപിഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശാല ചെറുവാരക്കോണത്ത് മെഗാതിരുവാതിര നടത്തിയത് വൻ വിവാദമായിരുന്നു.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഈ മെഗാതിരുവാതിരയുടെ ഭാഗമായ 550 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് തൃശൂരിലും സിപിഎം തിരുവാതിര നടത്തിയത്. അതേസമയം കൊവിഡ് മാനദണ്ഡം പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്‌ക് ധരിച്ചിരുന്നുവെന്നും സാമൂഹിക അകലം പാലിക്കാൻ നിർദേശിച്ചിരുന്നുവെന്നും സംഘാടകർ പറയുന്നു.
ALSO READ: തിരുവനന്തപുരത്ത് കൊവിഡ് നിയന്ത്രണം കാറ്റിൽപ്പറത്തി സിപിഎം സമ്മേളനത്തിന്‍റെ ഭാഗമായി മെഗാതിരുവാതിര
പാറശാലയിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചതില്‍ വീഴ്‌ച പറ്റിയെന്ന് പാർട്ടി തന്നെ സമ്മതിച്ചിരിക്കെയാണ് തൃശൂരിലും അരങ്ങേറിയത്. അതേസമയം തിരുവാതിരകളി പോലെ ആളുകൾ കൂടുന്ന പരിപാടികൾ നിർത്തി വയ്ക്കാൻ പിന്നീട് നിർദേശം നൽകിയെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. ഈ മാസം 21, 22, 23 തിയ്യതികളിലാണ് സിപിഎം തൃശൂർ ജില്ലാ സമ്മേളനം.