തൃശൂര്‍: മതിലകം പഞ്ചായത്തിലെ എസ്. എന്‍ പുരത്ത് ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. ഒച്ചിന്‍റെ ശല്യം വ്യാപകമായതോടെ കര്‍ഷകര്‍ കൃഷി നിര്‍ത്തേണ്ട അവസ്ഥയിലാണ്. മതിലുകളിലും വീടിന്റെ ചുമരുകളിലും പറമ്പുകളിലുമായി ചെറുതും വലുതുമായ ഒച്ചുകള്‍ പെരുകിയിരിക്കുകയാണ്.
14 വര്‍ഷമായി കൃഷി ചെയ്യുന്ന ഭൂമിയില്‍ ഒച്ചുകളുടെ ശല്യംമൂലം കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് കര്‍ഷക അവാഡ് ജേതാവ് കൂടിയായ ജയലക്ഷ്മി പറയുന്നു. മൂന്ന് വര്‍ഷം മുമ്പ് എസ്.എന്‍. പുരത്തെ മരമില്ലിന് സമീപം കണ്ട് തുടങ്ങിയ ഒച്ചുകള്‍ ഇപ്പോള്‍ പത്തിരട്ടിയായതായി സമീപവാസികള്‍ പരാതിപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം കൃഷി വകുപ്പിന് നല്‍കിയ പരാതിയെ തുടര്‍ന്ന് മണ്ണുത്തിയില്‍ നിന്ന് വിദഗ്‌ധര്‍ എത്തി പരിശോധന നടത്തിയെങ്കിലും ഒച്ചിനെ തുരത്താനുള്ള നടപടി ഉണ്ടായില്ല. ഒച്ചിൽ നിന്നും പകരുന്ന വൈറസ് കുട്ടികളിൽ മെനിഞ്ചൈറ്റിസ് പോലെയുള്ള രോഗങ്ങൾക്ക് കാരണമാകും. മുമ്പ് കുറച്ച് പ്രദേശത്ത് മാത്രം ബാധിച്ചിരുന്ന ഒച്ചിന്റെ ശല്യം പ്രളയത്തിനുശേഷം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.