തിരുവനന്തപുരം: സ്വപ്‌നസാക്ഷാത്കാരത്തിൽ അഭിമാനവും സന്തോഷവുമായി ചെങ്കൽച്ചൂളയുടെ സ്വന്തം ഡോക്‌ടർ എംഎസ് സുരഭി. തട്ടുകടക്കാരനായ അച്ഛന്‍റെ മകൾ പ്രതിസന്ധികളോട് പടവെട്ടി നേടിയ ബിഡിഎസിന്‍റെ മൂല്യത്തിന് നൂറുമേനിയാണ്. സ്വതന്ത്രമായി ജീവിക്കാൻ മികച്ച വിദ്യാഭ്യാസം വേണമെന്നാണ് ബേക്കറി ജംഗ്ഷനിൽ തട്ടുകട നടത്തുന്ന സുരേഷ് മകളെ പഠിപ്പിച്ചത്.
മകളുടെ സ്വപ്‌നത്തിനൊപ്പം അച്ഛനും
തുച്ഛമായ വരുമാനത്തിൽ നിന്ന് മിച്ചംപിടിച്ച് പിതാവ് സുരഭിയുടെ സ്വപ്‌നത്തിനൊപ്പം നിന്നു. ഇല്ലായ്‌മകൾ അറിഞ്ഞു പഠിക്കാൻ സുരഭിയും തയ്യാറായി. തിരുവനന്തപുരത്തെ സർക്കാർ സ്‌കൂളുകളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തൃശൂർ പിഎംഎസ് ദന്തൽ കോളജിൽ നിന്ന് ബിഡിഎസ് പൂർത്തിയാക്കി."സംവരണം ഉള്ളതുകൊണ്ട് ട്യൂഷൻ ഫീസ് വേണ്ടിവന്നില്ല. പക്ഷേ പുസ്‌തകങ്ങൾ അടക്കം മറ്റു ചെലവുകൾ ഉണ്ടല്ലോ" - സുരഭി പറയുന്നു.
മാറ്റത്തിനായി രാജാജി നഗർ
ഇനിയും ചെലവുകൾ ഉണ്ട്. ഇന്‍റേൺഷിപ്പിന് പണം വേണ്ടിവരും. സർക്കാർ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും സുരഭി പറഞ്ഞു. ഓട്ടോ ഡ്രൈവറാണ് സുരഭിയുടെ ഭർത്താവ് സജിത്. ഓട്ടം വിളിക്കുന്നത് ചെങ്കൽച്ചൂളയിലേക്കാണെങ്കിൽ തങ്ങളില്ലെന്ന് ഓട്ടോക്കാർ ഭയം വ്യക്തമാക്കിയിരുന്ന പഴയ കാലത്തു നിന്ന് ഈ പ്രദേശം മാറുകയാണ്.
രാജാജി നഗർ എന്നു പേരുമാറിയതിനൊപ്പം വിദ്യാഭ്യാസം കൊണ്ടും പ്രതിഭ കൊണ്ടും ഇവിടത്തെ പുതുതലമുറ വിസ്‌മയിപ്പിക്കുന്നു. വലിയ സ്വപ്‌നങ്ങൾ കാണാൻ സാഹചര്യമില്ലാത്ത കോളനിയിൽ നിന്ന് വലിയ നേട്ടങ്ങളാണ് ഇവർ കൊയ്യുന്നത്. അക്കൂട്ടത്തിലെ ആദ്യ മാതൃകകളിൽ ഒന്നാണ് ഡോ. എംഎസ് സുരഭി. പുതിയ തലമുറയ്ക്ക് തങ്ങളുടെ വിജയം പ്രചോദനമാകുമെന്നാണ് സുരഭിയുടെയും പ്രതീക്ഷ.
ALSO READ: 'ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാരെ പ്രശംസിച്ച് സൂര്യ