തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോട്ടയത്തും, ചൊവ്വാഴ്‌ച പത്തനംതിട്ടയിലും ബുധനാഴ്ച കോട്ടയത്തും വ്യാഴാഴ്‌ച വയനാടുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴക്കാണ് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത.
തെക്കു-കിഴക്കന്‍ അറബിക്കടലിലും കന്യാകുമാരി തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മി വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. അതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല. ആന്ധ്രാ തീരത്തും മധ്യ പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മി വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.