തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർദിഷ്ട സമയത്തിനുള്ളിൽ പൂർത്തിയാക്കാനാകില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പുലിമുട്ടിന്‍റെ നിർമാണത്തിന് ആവശ്യമായ പാറ ലഭ്യമാകാത്തതാണ് പദ്ധതി വൈകാൻ കാരണം. കരാർ അനുസരിച്ച് ഈ വർഷം ഡിസംബർ മൂന്നിന് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കാനാകുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. പറഞ്ഞ തിയതിക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ കഴിയില്ലെന്ന് ഇൻഡിപെന്‍റന്‍റ് എഞ്ചിനീയർ റിപ്പോർട്ട് നൽകിയതായി മന്ത്രി നിയമസഭയെ അറിയിച്ചു.
എം. ഉമ്മർ, സി. മമ്മൂട്ടി എന്നിവരുടെ ചോദ്യങ്ങൾക്കാണ് മന്ത്രി മറുപടി നൽകിയത്. കരാർ പ്രകാരം നിർമാണത്തിന് ആവശ്യമായ പാറ കണ്ടെത്തേണ്ടത് നിർമാണ കമ്പനിയുടെ ചുമതലയാണ്. ഇത് കണ്ടെത്താനായില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്ന് നേരിട്ടും സ്വകാര്യ ഏജൻസികളുമായി കരാർ ഏർപ്പെട്ടും പാറ കണ്ടെത്തുന്നതിന് ശ്രമം നടക്കുന്നുണ്ട്. ഇതിന് അനുമതി നൽകുന്നത് വേഗത്തിലാക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി. പാറക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരുമായി ചർച്ച നടത്തും. അന്യസംസ്ഥാനങ്ങളിൽ നിന്നും പാറ കണ്ടെത്തുന്നതിനുള്ള നടപടികളും കരാർ കമ്പനി സ്വീകരിച്ചിട്ടുണ്ട്. പ്രളയം, ഓഖി എന്നീ കാരണങ്ങളാൽ നിർമാണ കാലാവധി നീട്ടി നൽകണമെന്ന കമ്പനിയുടെ ആവശ്യം സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.