തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു. ഒന്നാം പ്രതി വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി റഫീക്കാ ബീവി (50), സുഹൃത്തും പാലക്കാട് സ്വദേശിയുമായ രണ്ടാം പ്രതി അൽ അമീൻ (26), റഫീക്കയുടെ മകനും മൂന്നാം പ്രതിയുമായ ഷഫീക്ക് (23) എന്നിവരെയാണ് ബുധനാഴ്‌ച ഉച്ചക്ക് 12 ഓടെ പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തിച്ചത്.
ഫോർട്ട് എസിഎസ് ഷാജിയുടെ നേത്യത്വത്തിലുളള പൊലീസ് സുരക്ഷ ഒരുക്കി. കൊല നടത്തിയ രീതിയും മൃതദേഹം ഒളിപ്പിക്കാൻ പരസ്‌പരം സഹായിച്ചതും പൊലീസിനോട് പ്രതികൾ വിശദീകരിച്ചു. വീട് മാറിപോകുന്നതിന് മുന്നോടിയായി വീട്ടിലെ കട്ടിലും കുറച്ച് പാത്രങ്ങളും ശാന്തകുമാരിയ്ക്ക് നൽകിയിരുന്നു. ശാന്തകുമാരിയുടെ വീട്ടിലെത്തിച്ച് ഇവ തിരിച്ചറിഞ്ഞു.
ശാന്തകുമാരിയെ വീട്ടിൽ വിളിച്ച് വരുത്തി ബോധം കെടുത്തിയ ശേഷം അവരുടെ ആഭരണങ്ങൾ കവർന്ന് രക്ഷപ്പെടാനായിരുന്നു ആദ്യ പദ്ധതി. പിന്നീട് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. സംഭവ ദിവസം ആസൂത്രണം ചെയ്‌തതിന് അനുസരിച്ച് ജനുവരി 14ന് രാവിലെ 8.30ന് ശാന്തകുമാരിയുടെ വീട്ടിലെത്തിയിരുന്നുവെന്ന് റഫീക്കാ ബീവി പൊലീസിനോട് പറഞ്ഞു.
കടം വാങ്ങി തിരികെ നൽകാനുളള രൂപയ്ക്ക് പകരമായി കുറച്ച് പാത്രങ്ങൾകൂടി നൽകാമെന്ന് തരാമെന്ന് പറഞ്ഞ് ശാന്തകുമാരിയെ പ്രലോഭിച്ചിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവരുമായി സംസാരിക്കുന്ന സമയത്ത് മുറിയ്ക്കുളളിൽ മറഞ്ഞിരുന്ന അൽ അമീനും മകനായ ഷഫീക്കും ചേർന്ന് പിന്നിൽ നിന്ന് ഷാളുപയോഗിച്ച് ശാന്തകുമാരിയുടെ കഴുത്തിൽ ബലമായി മുറുക്കി. നിലവിളിക്കാൻ ശ്രമിച്ചപ്പോൾ വയോധികയുടെ സാരിയുടെ ഒരു ഭാഗം വായിൽ തിരുക്കികയറ്റി. തുടർന്ന് ചുറ്റികയുപയോഗിച്ച് തലയിൽ അടിക്കുകയായിരുന്നു.
Read more: വിഴിഞ്ഞത്ത് വൃദ്ധയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്
ഷഫീക്ക് വയോധികയുടെ തലയിൽ അടിച്ച് മരണം ഉറപ്പ് വരുത്തി. ഷഫീക്കും അൽ അമീനും ചേർന്ന് അവരുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ കവർന്നുവെന്നും തറയിൽ വീണ രക്തം കൈലിമുണ്ടിൽ തുടച്ചെടുത്ത് വീടിന് മുന്നിലിട്ട് കത്തിച്ചുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു. പ്രതികൾ സംഭവ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് പരിശോധനയ്ക്കായി ശേഖരിച്ചു.
ഇവർ കവർന്ന ആഭരണങ്ങൾ തിരിച്ചെടുക്കുന്നതിന് ബുധനാഴ്‌ച ഇവരുമായി തെളിവെടുക്കും. കൊലപാതം നടത്തിയ വീട്ടിലെ തെളിവെടുപ്പ് നടത്തിയശേഷം പ്രതികളെ കൊല്ലപ്പെട്ട ശാന്തകുമാരിയുടെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.