തിരുവനന്തപുരം: സംസ്ഥാനത്തെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് കൈക്കൂലി പണവും കണക്കിൽപ്പെടാത്ത കാശും. മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ഒത്താശയോടെ അഴിമതിയും ക്രമക്കേടും നടക്കുന്നതായും കണ്ടെത്തി. ഓപ്പറേഷൻ ബ്രഷ്‌ട് നിർമൂലൻ-2 എന്ന പേരിൽ ബുധനാഴ്‌ച രാവിലെ ആറുമണി മുതൽ ആയിരുന്നു റെയ്‌ഡ്.
അമരവിള മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ അന്യസംസ്ഥാന വാഹനങ്ങൾ അമിത ഭാരം കയറ്റി വന്നതായി കണ്ടെത്തി നടപടി എടുത്തു. ഇവിടെ വെയിങ് ബ്രിഡ്‌ജ് പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തി.
ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഓഫിസ് അറ്റൻഡർ സീൽ പതിച്ചു കൊടുക്കുന്ന മേശപ്പുറത്തു നിന്ന് ഡ്രൈവർമാർ ഇട്ടിട്ടു പോയ 6,200 രൂപയും ചെക്ക്പോസ്റ്റ് കെട്ടിടത്തിനുള്ളിൽ നിന്ന് വിവിധ ഇനം മിഠായികൾ, പഴം, പച്ചക്കറികൾ തുടങ്ങിയവയുടെ പാക്കറ്റുകളും കിറ്റുകളും കണ്ടെടുത്തു. അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങൾ ചെക്ക്പോസ്റ്റ് കടത്തിവിടുന്നതായി കണ്ടെത്തി. ഇത്തരത്തിൽ ഒരു വാഹനത്തിൽ പരിശോധന നടത്തി 25,000 രൂപ പിഴയടപ്പിച്ചു.
വാളയാർ ചെക്പോസ്റ്റ് വഴി അമിതഭാരം കയറ്റിവന്ന മൂന്നു വാഹനങ്ങൾ വിജിലൻസ് പിടിച്ചെടുത്ത് ആർടിഒ എൻഫോഴ്സ്മെൻ്റ് വിങിനെ ഏൽപ്പിച്ച് 1,51,700 രൂപ പിഴയടപ്പിച്ചു. ഒരു വാഹനം മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് 2,50,000 രൂപ പിഴയടപ്പിച്ചു.
നടപ്പുനി ചെക്ക്പോസ്റ്റിൽ അമിതഭാരം റേറ്റ് 9 വാഹനങ്ങൾ വിജിലൻസ് പിടികൂടി. ഇവയിൽനിന്ന് 3,67,500 രൂപ പിഴ ഈടാക്കി.
തലപ്പാടി ചെക്ക് പോസ്റ്റിൽ കണക്കിൽപ്പെടാത്ത 18,280 രൂപ പിടിച്ചെടുത്തു. ഈ ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വാഹന ഡ്രൈവർമാർ പഴങ്ങളും കരിക്കും കൈക്കൂലിയായി നൽകുന്നതായും വെയിങ് ബ്രിഡ്‌ജ് പ്രവർത്തനക്ഷമമല്ലെന്നും കണ്ടെത്തി.
ചെക്ക്പോസ്റ്റിൽ കണ്ടെത്തിയ അപാകതകൾ സംബന്ധിച്ച് വരുംദിവസങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലൻസ് ഡയറക്‌ടർ സുദേഷ് കുമാർ ഐപിഎസ് അറിയിച്ചു.
Read more: തലപ്പാടി ചെക്ക്‌പോസ്റ്റിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന; കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു