തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും സംപ്രേക്ഷണം ചെയ്യുന്ന പുതിയ ക്ലാസുകള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി കൈറ്റ് വിക്ടേഴ്‌സ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത്. രാവിലെ ക്ലാസുകളുടെ പ്രക്ഷേപണവും വൈകിട്ട് അതേ ക്ലാസുകളുടെ പുനഃസംപ്രേക്ഷണവും ഉണ്ടായിരിക്കും. അതിനാല്‍ വിദ്യാര്‍ഥികള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല.
കൈറ്റ് വിക്ടേഴ്‌സ് ചാനലിനു പുറമേ ഫേസ് ബുക്കില്‍ victers edu ചാനലില്‍ ലൈവ് ആയും യുട്യൂബില്‍ itsvicters ചാനല്‍ വഴിയും വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ കാണാം. ഇത് ക്ലാസ് മുറികളിലെ വിദ്യാഭ്യാസത്തിന് സമാന്തരമായി ഉള്ള ഒന്നല്ല. ഇക്കാര്യം എല്ലാ വിദ്യാര്‍ഥികളും മനസിലാക്കണം. ക്ലാസ് തുടങ്ങുന്നതുവരെയുള്ള ഒരു താല്‍ക്കാലിക സംവിധാനം മാത്രമാണിത്. സ്‌കൂള്‍ തുറക്കുമ്പോള്‍ ഇതെല്ലാം ക്ലാസ് മുറികളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. വിദ്യാര്‍ഥികള്‍ ആസ്വദിച്ച് പഠിക്കാന്‍ ഈ അവസരം വിനിയോഗിക്കണമെന്നും ഒരു തരത്തിലുള്ള ആശങ്കകളും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമില്ലെന്നും ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അന്‍വര്‍ സാദത്ത് പറഞ്ഞു.