തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമായി. വട്ടിയൂര്‍ക്കാവിലേത് രാഷ്ട്രീയ പോരാട്ടമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്കുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഓഫീസ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
'പാലയിലേത് രാഷ്ട്രീയ പോരാട്ടം ആയിരുന്നില്ല. ചില വിഭാഗീയ പ്രശ്‌നങ്ങളുടെ ഭാഗമായുണ്ടായ പരാജയമാണ് പാലയില്‍ സംഭവിച്ചതെന്നും അതില്‍ പ്രവര്‍ത്തകര്‍ നിരാശപ്പെടേണ്ടതില്ലെന്നും' ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. പാലയില്‍ യുഡിഎഫിന് നേരിട്ട തിരിച്ചടി മറ്റ് ഉപതെരഞ്ഞെടുപ്പികളില്‍ പ്രവര്‍ത്തകരുടെ വീര്യം കൊടുത്താതെ കാക്കാനാണ് യുഡിഎഫ് മുഖ്യമായും ശ്രമിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ ഉമ്മന്‍ചാണ്ടിയുടെ വാക്കുകളില്‍ വ്യക്തമാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായിരുന്ന അതേസാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിയുടെ വാക്കുകളിലൂടെ ശബരിമല അടക്കമുള്ള വിഷയങ്ങള്‍ വട്ടിയൂര്‍ക്കാവിലും സജീവ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
പാലയിലെ പരാജയഭീതി വട്ടിയൂര്‍ക്കാവില്‍ ഇല്ലെന്നും ശുഭപ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാര്‍ പറഞ്ഞു. കെ മുരളീധരന്‍റെ സ്വാധീനവും വികസന മുരടിപ്പും ഉയര്‍ത്തിക്കാട്ടി വട്ടിയൂര്‍ക്കാവ് നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ആദ്യഘട്ട പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് തുടക്കം കുറിച്ചത്.