മലപ്പുറം: കൊടിക്കുന്നിൽ സുരേഷിന്‍റെ പ്രസ്‌താവന ശ്രദ്ധയിൽ പെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് പാർട്ടിയ്ക്ക് അങ്ങനെയൊരു അഭിപ്രായമില്ല. തെരഞ്ഞെടുപ്പ് പരാജയത്തിൽ കെപിസിസി അന്വേഷണ റിപ്പോർട്ട് ലഭിച്ചുവെന്നും റിപ്പോർട്ടിൽ പി കെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ഒരു പരാമർശവുമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
കൊടുക്കുന്നിൽ സുരേഷിന്‍റെ വിവാദ പ്രസ്‌താവന
മുഖ്യമന്ത്രിയുടെ നവോഥാന പ്രസംഗം തട്ടിപ്പാണെന്നും പിണറായി വിജയൻ നവോഥാന നായകൻ ആയിരുന്നെങ്കിൽ മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ചുകൊടുക്കുമായിരുന്നു എന്നായിരുന്നു കൊടുക്കുന്നിൽ സുരേഷിന്‍റെ പ്രസ്‌താവന. തിരുവനന്തപുരം കോർപറേഷനിലെ എസ്‌സിഎസ്‌ടി ഫണ്ട് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ ധർണയിലായിരുന്നു എംപിയുടെ വിവാദ പരാമർശം.
പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചുവെന്നും മറ്റ് മന്ത്രിമാരുടെ ഓഫിസുകളിൽ അത്തരം നിയന്ത്രണമില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.