തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഇനി ഇരുചക്ര വാഹനവുമായി യാത്ര ചെയ്യാം. ദീർഘദൂര, ലോ ഫ്ലോർ ബസുകളിലും ബെംഗളുരുവിലേക്കുള്ള വോൾവോ, സ്‌കാനിയ ബസുകളിലുമാണ് ഇ ബൈക്ക്, ഇ സ്‌കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്രവാഹനങ്ങൾ കൊണ്ടുപോകാൻ സൗകര്യമൊരുക്കുന്നത്. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
നിശ്ചിത തുക ഈടാക്കിയാണ് യാത്ര അനുവദിക്കുക. ദീർഘദൂര യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ബസിൽ നിന്ന് ഇറങ്ങി കൂടെ കൊണ്ടു വരുന്ന ഇരുചക്രവാഹനത്തിൽ തുടർ യാത്ര ഇതിലൂടെ സാധിക്കും. നവംബർ ഒന്ന് മുതൽ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
അന്തരീക്ഷ മലിനീകരണം ഇല്ലാത്ത ആരോഗ്യപ്രദമായ യാത്രയ്ക്ക് പ്രേരിപ്പിക്കുക എന്നതിന്‍റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോകമെങ്ങും സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ കേരളവും അതിനൊപ്പം എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
READ MORE: സംസ്ഥാനത്ത് ഹർത്താൽ പുരോഗമിക്കുന്നു ; ജനജീവിതം സ്‌തംഭിച്ചു