തിരുവനന്തപുരം: മായം കലർന്ന വെളിച്ചെണ്ണ വിൽപന നടത്തിയെന്ന കേസിൽ കൈരളി ട്രേഡേഴ്‌സിന് രണ്ട് ലക്ഷം രൂപ പിഴ. തിരുവനന്തപുരം ഭക്ഷ്യ സുരക്ഷ ട്രൈബ്യൂണലിൻ്റേതാണ് ഉത്തരവ്. എറണാകുളം ജില്ലയിലെ കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിയ്ക്കുന്ന സ്ഥാപനമാണ് കൈരളി ട്രേഡേഴ്‌സ്.
ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനായ നീതു നദീർ ആണ് മായം കലർന്ന വെളിച്ചെണ്ണ പിടികൂടിയത്. സാമ്പിൾ പരിശോധന നടത്തിയതിൽ വെളിച്ചെണ്ണയിൽ മായം കലർന്നതായി കണ്ടെത്തി. തുടര്‍ന്ന് കൈരളി ട്രേഡേഴ്‌സ് ജീവനക്കാരൻ കൃഷ്‌ണ കുമാർ, നിസാം കെ.കെ, വെളിച്ചെണ്ണ വിതരണ കമ്പനിയായ ലിയാ ട്രേഡേഴ്‌സ് എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്‌തു.
സാക്ഷി വിസ്‌താരത്തിൻ്റെയും രേഖകളുടെയും അടിസ്ഥാനത്തിൽ മുവാറ്റുപുഴ അഡ്‌ജുഡിക്കേഷൻ ഓഫിസർ ടി അനിൽകുമാർ പ്രതികളോട് രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കാന്‍ ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ പ്രതികൾ അപ്പീൽ ഫയൽ ചെയ്‌തു. എന്നാല്‍ അപ്പീൽ നിയമപരമായി നിലനിൽക്കുകയില്ലെന്ന കാരണത്താൽ ഭക്ഷ്യ സുരക്ഷാ ട്രൈബ്യുണൽ അപ്പീല്‍ തള്ളുകയും പ്രതികളോട് പിഴ അടയ്ക്കാവാൻ ഉത്തരവിടുകയുമായിരുന്നു.
Also read: മായം കലര്‍ന്ന സൺഫ്ലവർ ഓയിൽ : കമ്പനിയും വിതരണക്കാരനും 75,000 രൂപ പിഴയടയ്ക്കണം