തിരുവനന്തപുരം: ചെട്ടികുളങ്ങരയെയും ശ്രീകണ്ഠേശ്വരത്തെയും ബന്ധിപ്പിക്കുന്ന റെയിൽവേ നടപ്പാലം സാമൂഹ്യവിരുദ്ധരുടെ പിടിയിൽ. സന്ധ്യ കഴിഞ്ഞാൽ നടപ്പാലത്തിലിരുന്ന് മദ്യപിക്കാനായി സ്ഥിരം സംഘങ്ങളെത്തും. ഇവരെ പേടിച്ച് സ്ത്രീകൾക്ക് ഇതുവഴി സഞ്ചരിക്കാനാകുന്നില്ലെന്നും പരാതിയുണ്ട്.
റെയിൽവേ പൊലീസിന്റെ നിയന്ത്രണത്തിലുള്ള സ്ഥലമായതിനാൽ ലോക്കല്‍ പൊലീസിന്‍റെ പട്രോളിങ് ഈ ഭാഗത്തില്ല. തമ്പാനൂർ റെയിൽവേ സ്റ്റേഷനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന നടപ്പാലമായിട്ടും റെയിൽവേ പൊലീസിന്‍റെ കണ്ണും ഇവിടെയെത്തുന്നില്ല. ഇതും മദ്യപസംഘങ്ങൾക്ക് സഹായമാകുന്നുണ്ട്. പാലത്തിലെ വിജനതയിൽ ആക്രമണമോ പിടിച്ചുപറിയോ നടക്കുമെന്ന ആശങ്കയിൽ പകല്‍ സമയങ്ങളിലും ഈ ഭാഗത്തുകൂടി സ്ത്രീകൾ സഞ്ചരിക്കാറില്ല. രാത്രികാലങ്ങളില്‍ റെയിൽവേ പൊലീസിന്‍റെ പരിശോധന ഈ ഭാഗത്ത് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.