തിരുവനന്തപുരം : ട്രിപ്പിൾ ലോക്ക് ഡൗണിന്‍റെ രണ്ടാം ദിവസം ചാല മാർക്കറ്റിൽ പൊലീസിന്‍റെ കർശന നിയന്ത്രണത്തിൽ വ്യാപാരം. ഇളവുകളുടെ പശ്ചാത്തലത്തിൽ രാവിലെ ഏഴ് മണി മുതൽ 11 വരെ പകുതിയോളം കടകൾ തുറന്നു. 11 മണിക്ക് തന്നെ കടകൾ അടപ്പിക്കുകയും ചെയ്തു. തിരക്ക് നിയന്ത്രണ വിധേയമാണെന്നും ജനങ്ങൾ സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
പാളയം മാർക്കറ്റ് അടച്ച പശ്ചാത്തലത്തിൽ ചാലയിൽ വലിയ തിരക്ക് പ്രതീക്ഷിച്ചാണ് പൊലീസ് നടപടി കർശനമാക്കിയത്. പഴം- പച്ചക്കറി എന്നിവ വിൽക്കുന്ന പകുതി കടകൾ മാത്രമാണ് തുറക്കുക. പൊലീസിനൊപ്പം നഗരസഭയുടെ ആരോഗ്യ വിഭാഗവും നിരീക്ഷണം കർശനമാക്കി. സാമൂഹിക അകലം പാലിക്കാതെ ആൾക്കാർ കൂട്ടം കൂടുകയോ മാസ്‌ക് ധരിക്കാതിരിക്കുകയോ ചെയ്താൽ കടകൾ അടപ്പിക്കുമെന്ന് മുന്നറിയിപ്പും നൽകുന്നുണ്ട്. കൊവിഡ് സമൂഹ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും മാർക്കറ്റിലെ നിയന്ത്രണങ്ങൾ തുടരും.