ഇടുക്കി: സീ പ്ലെയിൻ സര്‍വീസില്‍ ആശങ്ക അറിയിച്ച് വനം വകുപ്പ്. മാട്ടുപ്പെട്ടി ആനകളുടെ വിഹാര കേന്ദ്രമാണെന്നും ജലാശയത്തിലെ ലാൻഡിങ് ആനകളില്‍ പ്രകോപനമുണ്ടാക്കുമെന്നുമാണ് വനം വകുപ്പിന്‍റെ അഭിപ്രായം. ജോയിന്‍റ് ഇൻസ്‌പെക്ഷൻ സമയത്ത് വിഷയം നേരിട്ട് അറിയിച്ചിരുന്നതായും വനം വകുപ്പ് വ്യക്തമാക്കി.
അതേസമയം, ഇക്കാര്യത്തില്‍ വിമര്‍ശനവുമായി മന്ത്രി റോഷി അഗസ്റ്റിനും എംഎല്‍എ എംഎം മണിയും രംഗത്തെത്തി. പദ്ധതിക്ക് തുരങ്കം വെയ്‌ക്കാൻ ആരും ശ്രമിക്കണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഏതൊരു പ്രതിസന്ധിയേയും അതിജീവിച്ച് കടന്നുപോകാനുള്ള മാര്‍ഗങ്ങളാണ് രൂപപ്പെടുത്തേണ്ടത്. ജനങ്ങളെല്ലാം ഒന്നിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
നാടിന്‍റെ വികസനമാണ് പ്രധാനപ്പെട്ട വിഷയം. വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്ന കാര്യത്തില്‍ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. വന്യമൃഗങ്ങളെ കാട്ടില്‍ നിന്നും ഓടിച്ചിട്ട് ഈ രാജ്യത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ എല്ലാം ചെയ്യാൻ സാധിക്കുമോയെന്നും മന്ത്രി റോഷി അഗസ്റ്റിൻ ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വനം വകുപ്പ് ഇത്തരത്തില്‍ പല കാര്യങ്ങളും പറയും. സീ പ്ലെയിൻ ഡാമില്‍ ഇറങ്ങി തിരിച്ചുപോയി, അതുകൊണ്ട് വന്യമൃഗങ്ങള്‍ക്ക് എന്ത് ശല്യമാണ് ഉണ്ടാകുന്നതെന്ന് എംഎല്‍എ എംഎം മണി ചോദിച്ചു.
കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ റീജണല്‍ കണക്‌ടിവിറ്റി സ്‌കീമിലുള്ള പദ്ധതി ഇടുക്കിയിലെ ടൂറിസം മേഖലക്ക് വലിയ ഉണര്‍വേകുമെന്നാണ് കണക്കുക്കൂട്ടല്‍. പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പദ്ധതി വേഗത്തില്‍ യാഥാര്‍ഥ്യമാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.
Read More : കൊച്ചിയിൽ നിന്നും പറന്നുയർന്ന് കേരളത്തിന്‍റെ ആദ്യ സീപ്ലെയിൻ; സ്വപ്‌ന പദ്ധതിക്ക് സാക്ഷാത്കാരം