തിരുവനന്തപുരം: വനിതകൾക്കും പുതുമുഖങ്ങൾക്കും മുൻതൂക്കം നൽകി തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള ഇടതുമുന്നണിയുടെ സ്ഥാനാർഥി പട്ടിക. കോർപ്പറേഷനിൽ 70 വാർഡുകളിൽ സിപിഎം മത്സരിക്കും.
സിപിഐ 17 സീറ്റുകളിലും ജനതദൾ (എസ്), എൽജെ.ഡിഎന്നി പാർട്ടികൾ രണ്ടു സീറ്റുകളിൽ വീതവും കോൺഗ്രസ് (എസ്), ഐ.എൻ.എൽ, എൻ.സി.പി എന്നിവ ഒരോ സീറ്റുകളിലും മത്സരിക്കും. ആറ് വാർഡുകളിൽ തീരുമാനമായില്ല. ഫോർട്ട്, നാലാഞ്ചിറ, ബീമാപളളി, കിണവുർ, ബീമപള്ളി ഈസ്റ്റ്, കുറവൻ കോണം എന്നി വാർഡുകളിലാണ് തീരുമാനം ആകാനുള്ളത്. സിപിഎമ്മിന്‍റെ 70 സ്ഥാനാർഥികളിൽ 46 പേരും വനിതകളാണ്.
ഇതിൽ 24 പേരും പുതുമുഖങ്ങളാണ്. മറ്റുള്ളവരിലും ഭൂരിഭാഗം പുതുമുഖ സ്ഥാനാർഥികളാണ്. 70 പേരിരിൽ 22 പേരും 40 വയസിൽ താഴെ പ്രായമുള്ളവരാണ് എന്ന പ്രത്യേകതയുമുണ്ട്. നിലവിലെ മേയർ കെ. ശ്രീകുമാർ കരിക്കകം വാർഡിൽ മത്സരിക്കും. അതേസമയം മേയർ പദവിയിൽ എത്താൻ സാധ്യത കൽപ്പിക്കപ്പെടുന്ന എസ് പുഷ്പലത നെടുങ്കാട് വാർഡിൽ മത്സരിക്കും. മറ്റു ഘടക കക്ഷികൾ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. നഗരസഭ ഭരണം നിലനിർത്താൻ കഴിയുമെന്ന് ഇടതു മുന്നണി നേതാക്കൾ പറഞ്ഞു. നല്ല ആത്മവിശ്വാസമുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ബാധിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 26 ഡിവിഷനുകളിൽ സിപിഎം 19 സീറ്റുകളിലും സിപിഐ നാല് സീറ്റിലും ജനതദൾ എസ്, എൽ.ജെ.ഡി, കേരള കോൺഗ്രസ് എന്നിവ ഒരോ സീറ്റുകളിലും മത്സരിക്കും. ജില്ലയിലെ മുൻസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയതായി നേതാക്കൾ അറിയിച്ചു.