തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷന്‍ ഭരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം 51 സീറ്റ്. 2015ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നപ്പോള്‍ തിരുവനന്തപുരം നഗരസഭയില്‍ എല്‍.ഡി.എഫിന് ലഭിച്ചത് 43 വാര്‍ഡുകള്‍ മാത്രം. ബി.ജെ.പിക്ക് 35 സീറ്റുകളും യു.ഡി.എഫിന് 21 സീറ്റുകളും ലഭിച്ചു. ഏറ്റവും കൂടുതല്‍ സീറ്റു നേടിയ എല്‍.ഡി.എഫ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരത്തില്‍ വന്നു.
ബി.ജെ.പിയും യു.ഡി.എഫും ഒരുമിച്ചു ചേര്‍ന്നാല്‍ എല്‍.ഡി.എഫ് ഭരണം അട്ടിമറിക്കാനുള്ള അംഗ സംഖ്യ ഉണ്ടായിട്ടും ഇരുവരും ഒരിക്കലും ഒന്നിച്ചില്ല. ബി.ജെ.പിയുമായി ചേര്‍ന്ന് ഭരണം അട്ടിമറിക്കാനില്ലെന്ന ഉറച്ച നിലപാട് യു.ഡി.എഫ് സ്വീകരിച്ചതാണ് എല്‍.ഡി.എഫിന് ഒരു ബുദ്ധിമുട്ടുമില്ലാതെ കാലാവധി പൂര്‍ത്തിയാക്കാനായത്. കൗണ്‍സില്‍ യോഗങ്ങളില്‍ ഒരിക്കല്‍ പോലും യു.ഡി.എഫ് ബി.ജെ.പിയുമായി ചേര്‍ന്ന് എല്‍.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയില്ല. മേയര്‍ പദമോ ഡെപ്യൂട്ടി മേയര്‍ പദമോ ലഭിക്കുമായിരുന്നിട്ടും ബി.ജെ.പിയുമായി കൂട്ടില്ലെന്ന കോണ്‍ഗ്രസിന്റെ ദേശീയനയം അതേപടി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടപ്പാക്കുകയായിരുന്നുവെന്നാണ് യു.ഡി.എഫ് ഇതിനു നല്‍കുന്ന വിശദീകരണം.
എന്നാല്‍ യു.ഡി.എഫിന്‍റെ ഈ വാദം അംഗീകരിക്കാന്‍ ഭരണ പക്ഷമായ എല്‍.ഡി.എഫ് തയ്യാറല്ല. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ വികസനത്തിന് മുന്‍ തൂക്കം നല്‍കിയതുകൊണ്ട് ബി.ജെ.പിക്കോ യു.ഡി.എഫിനോ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തെ എതിര്‍ക്കാന്‍ കഴിയാതെ പോകുകയായിരുന്നു. അഴിമതി പാടെ ഇല്ലാതായി. വികസനത്തില്‍ റിക്കോര്‍ഡ് സൃഷ്ടിച്ചു. പിന്നെങ്ങനെ ഈ ഭരണത്തെ ബി.ജെ.പിയും യു.ഡി.എഫും ചേര്‍ന്ന് അട്ടിമറിക്കുമെന്ന് എല്‍.ഡി.എഫ് ചോദിക്കുന്നു.
അതേസമയം എല്‍.ഡി.എഫിനെതിരെ സാങ്കേതികമായി അവിശ്വാസം കൊണ്ടു വരാമെന്നതല്ലാതെ പാസാക്കാനാവശ്യമായ ഭൂരിപക്ഷം ബി.ജെ.പിക്കില്ലാത്തതു കൊണ്ടാണ് തങ്ങള്‍ ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കാതിരുന്നതെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ്, എല്‍.ഡി.എഫ് രഹസ്യ ബാന്ധവത്തിന്റെ ഭാഗമായാണ് കോര്‍പ്പറേഷനില്‍ കാലാവധി തികയ്ക്കാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞത്. ഉത്തരം പറയേണ്ടത് യു.ഡി.എഫാണ്.
മൂന്നു മുന്നണികളും ഇതേ ന്യായങ്ങള്‍ തന്നെയാകും വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുക എന്നുറപ്പാണ്. ഇടതു വലതു മുന്നണികളും ബി.ജെ.പിയും ഭരണം ഉറപ്പാണെന്നവകാശപ്പെടുമ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആരുടെ വാദമാകും ജനങ്ങള്‍ അംഗീകരിക്കുക എന്നത് കാത്തിരുന്നു കാണേണ്ടതാണ്.